ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്നത് എല്‍.ഡി.എഫ് ഗൗരവമായി ആലോചിക്കും'; കാനം രാജേന്ദ്രന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അധികാരം ഇല്ലാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന കാര്യം എല്‍ഡിഎഫ് ഗൗരവമായി ആലോചിക്കുമെന്നും കാനം പ്രതികരിച്ചു.

ഗവര്‍ണര്‍ ചെയ്യുന്നതെല്ലാം ജനം വെച്ച് പൊറുപ്പിക്കില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയില്‍ ശക്തമായ പ്രക്ഷോഭം തുടരും. സര്‍വകലാശാല ചട്ടങ്ങളില്‍ എല്ലാം വ്യക്തമായുണ്ട്. സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവര്‍ണറാണ്.

രണ്ട് കൈയ്യും കൂട്ടിയടിച്ചാലേ ശബ്ദം ഉണ്ടാകൂ എന്ന് പ്രധാനമായും ഗവര്‍ണര്‍ തിരിച്ചറിയണം. ഗവര്‍ണറുടെ അന്ത്യശാസനത്തിന്റെ തുടര്‍ച്ചയായി ഒന്നും സംഭവിക്കാന്‍ പോകുന്നല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

രാജ്ഭവനില്‍ ആര്‍എസ്എസ് ക്രിമിനലുകളുടെ ഭരണമാണ് നടക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമം. മോഹന്‍ ഭഗവതിന്റെ ക്വട്ടേഷന്‍ പണി ഇവിടെ നടപ്പാക്കാന്‍ സമ്മതിക്കില്ല. എം വി ജയരാജന്‍ പറഞ്ഞു.