അതിതീവ്ര മഴ: ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; മലങ്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി; മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരും; ജാഗ്രത നിര്‍ദേശം

അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. കാസര്‍ഗോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട്ടില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ നടക്കുമെന്ന് കാസര്‍കോട് കളക്ടറും റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ഇടുക്കി കളക്ടറും വ്യക്തമാക്കി.

ഇടുക്കി മലങ്കര ഡാമിന്റെ 4,5 ഷട്ടറുകള്‍കൂടി 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 29, 30 തീയതികളില്‍ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് ഇന്ന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

Read more

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ക്വാറികള്‍ മെയ് 29, 30 തീയതികളില്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ ജില്ലയില്‍ റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല. മലയോരങ്ങളിലേക്കുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കേണ്ടതാണ്.