സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

കേരളത്തില്‍ വ്യവസായ സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തില്‍ ഉണ്ടായ നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം നിര്‍മാണം തുടങ്ങുമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്നും രാജീവ് അഭിപ്രായപ്പെട്ടു. തോന്നയ്ക്കലിലെ കിന്‍ഫ്ര മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പലതരത്തിലുള്ള വാഹനങ്ങള്‍ക്ക് പാര്‍ക്കിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. അതിനുള്ള സൗകര്യം കൂടി ഉള്ളിടത്തായിരിക്കണം പാര്‍ക്കുകള്‍ വികസിപ്പിക്കേണ്ടത്. തോന്നയ്ക്കലില്‍ 2011ല്‍ ഗ്ലോബല്‍ ആയുര്‍വേദ പാര്‍ക്കിംഗിനായി ഏറ്റെടുത്ത സ്ഥലത്താണ് ഇപ്പോള്‍ മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്.

അന്ന് മുതല്‍ വെറുതേ കിടന്ന സ്ഥലം 2023 ലാണ് മറ്റാവശ്യത്തിന് ഉപയോഗിക്കാനാകും വിധത്തില്‍ സ്വഭാവം മാറ്റി അനുമതി ലഭ്യമാക്കിയത്. പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച ഉടന്‍ തന്നെ മുഴുവന്‍ യൂണിറ്റുകളും സംരംഭകര്‍ക്ക് കൈമാറാനായി എന്നത് ശ്രദ്ധേയമാണെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

Read more

സംഗമത്തില്‍ വന്ന വ്യവസായ നിര്‍ദ്ദേശങ്ങള്‍ യഥാര്‍ഥ്യമാക്കാന്‍ പ്രത്യേകം ടീം തന്നെ സൂക്ഷ്മമായ പരിശോധനകള്‍ നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് മന്ത്രി പറഞ്ഞു.