മുഖ്യമന്ത്രി മൗനം വെടിയാന്‍ തയ്യാറാകണം; അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയാന്‍ തയ്യാറാകണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിനും താത്പര്യമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയോടും ആര്‍എസ്എസിനോടും രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനാണ് നിലവിലെ ശ്രമം. കഴിഞ്ഞ ദിവസം പിവി അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ അഡ്വ ജയശങ്കറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും കെ സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചു. രാഷ്ട്രീയ നിരീക്ഷകനെതിരെ പി വി അന്‍വര്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ആര്‍എസിഎസിനോട് രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞ് പാളീസായിരിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്ന പിവി അന്‍വറും വിശുദ്ധനല്ലെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

അന്‍വറിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ കേരളം ചര്‍ച്ച ചെയ്തതാണ്. എല്ലാ ആരോപണങ്ങളിലും അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിനോ പ്രതിപക്ഷത്തിനോ താത്പര്യമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.