സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം സാധാരണക്കാരുടെ നെഞ്ചില്‍ ചവിട്ടുനാടകം കളിക്കുന്നത് പോലെ, ഇതിന് പൊതുഖജനാവിലെ പണം എടുക്കരുത്: കെ. സുധാകരന്‍

സാധാരണ ജനങ്ങള്‍ കനത്ത നികുതികളും കടുത്ത സാമ്പത്തിക തകര്‍ച്ചയും നേരിടുമ്പോള്‍ 50 കോടിയിലധികം രൂപ ഖജനാവില്‍നിന്നു മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു പോലെ തന്നെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന് 60 ദിവസം സ്തുതി പാടാനും കാരണഭൂതന്റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനാവില്‍നിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ജില്ലാതല മെഗാ എക്‌സിബിഷന് ജില്ലയ്ക്ക് 35 ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവിറങ്ങി. ജില്ലകള്‍ക്ക് മാത്രം 4.20 കോടി രൂപയാണ് പൊടിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്ന 4,263 കോടി രൂപയില്‍നിന്നാണ് ആഘോഷത്തിനു പണം കണ്ടെത്തുന്നത്. കടത്തിനുമേല്‍ കടം കയറ്റിവച്ച് നിത്യനിദാന ചെലവുപോലും നടത്തുന്നതിനിടയിലാണ് ആഘോഷം പൊടിപൊടിക്കുന്നത്.

ക്ഷേമപെന്‍ഷന്‍കാര്‍, കരാറുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നെല്‍കര്‍ഷകര്‍, റബര്‍ കര്‍ഷകര്‍, പാചകത്തൊഴിലാളികള്‍, വീല്‍ചെയര്‍ രോഗികള്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങള്‍ തങ്ങള്‍ക്കു ലഭിക്കേണ്ട പണത്തിനും ആനുകൂല്യങ്ങള്‍ക്കും സെക്രട്ടേറിയറ്റിനു മുന്നില്‍ ഇഴയുമ്പോഴാണ് കോടാനുകോടികള്‍ വെറുതെ കത്തിയമരുന്നത്.

കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസകിരണം പദ്ധതിയിലെ ധനസഹായം മുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള പ്രതിമാസ ധനസഹായം നവംബറിനുശേഷം വിതരണം ചെയ്തിട്ടില്ല. സര്‍ക്കാര്‍ വിഹിതം കുടിശിക ആയതിനെ തുടര്‍ന്ന് കുട്ടികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലാണ്.

Read more

രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുമ്പോള്‍ 4,000 കോടി രൂപയുടെ ബജറ്റ് നികുതി നിര്‍ദേശങ്ങള്‍ നടപ്പില്‍വന്നതോടെ ജനജീവിതം അങ്ങേയറ്റം ദുസഹമായി. പെട്രോള്‍, ഡീസല്‍ വിലവര്‍ധന സമസ്ത മേഖലകളിലും വില വര്‍ധിപ്പിച്ചു. മരുന്നുകള്‍ക്ക് 12% വില കൂടി. വെള്ളക്കരം, പാചകവാതകം, വൈദ്യുതി, ബസ് കൂലി തുടങ്ങിയ എല്ലാത്തിനും ലോകത്തിലില്ലാത്ത വിലയാണ്. സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുമ്പോള്‍, വാര്‍ഷികം ആഘോഷിക്കണമെന്ന് അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ അത് ചെയ്യേണ്ടത് പാര്‍ട്ടി ആസ്ഥാനത്ത് കെട്ടിവച്ചിരിക്കുന്ന പണം എടുത്തായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.