ലോകായുക്തയെ ചാപിള്ളയാക്കാന്‍ നോക്കുന്നു, ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഇത്ര നീചമായ പ്രവര്‍ത്തനം പ്രതീക്ഷിച്ചില്ല: കെ. മുരളീധരന്‍

 

ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നും ഇത്ര നീചമായ പ്രവര്‍ത്തനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. ലോകായുക്തയെ ചാപിള്ളയാക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പിണറായി പറയുന്നത് പോലെ റിപ്പോര്‍ട്ട് എഴുതുന്ന ഒരു സമിതിയാക്കി മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തയുടെ വിധിതള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് അടക്കമുള്ള നിയമ ഭേദഗതികള്‍ നിലവില്‍ വരുത്താനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നിരുന്നു. ഈ ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്തയച്ചെന്നും ഫെബ്രുവരിയില്‍ നിയമസഭ ചേരാനിരിക്കെ ഇത്തരം നീക്കം നടത്തുന്നത് തികച്ചും ദുരൂഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രമേശ് ചെന്നിത്തലയും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭയാണ് അനുമതിനല്‍കിയത്.

 

അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം. ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.