മുഹമ്മദ് റിയാസിനെ പിണറായിയുടെ പിന്‍ഗാമിയാക്കാനുള്ള തന്ത്രത്തിന്റെ ബ്‌ളൂ പ്രിന്റ് ഒരുക്കിയത് ജോണ്‍ബ്രിട്ടാനും മലയാളത്തിലെ ‘ മഹാനടനും’ കൂടിയാണെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. അതിനായി ഇ പി ജയരാജനെ നിര്‍ദാക്ഷണ്യം ഒതുക്കുകയായിരുന്നുവെന്നും ശക്തിധരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. കോടിയേരി ബാലകൃഷ്ണന്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇതിനായി ചതുരംഗപ്പലകയില്‍ കരുക്കള്‍ നീക്കയത് ജോണ്‍ബ്രിട്ടാസായിരുന്നുവെന്നും ജി ശക്തിധരന്‍ പറയുന്നു.
ജി ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റ്
Read more
കോടിയേരി
കല്പിച്ചതോ?
കോടിയേരി ബാലകൃഷ്ണന്‍ വിടപറഞ്ഞിട്ട് ഒരു വര്‍ഷ മെത്തിയെങ്കിലും അദ്ദേഹത്തിന്റെ അന്ത്യനാളുകളില്‍ ഉരുണ്ടുകൂടിയ അനാവശ്യമായ സംഘടനാ വിവാദങ്ങള്‍ ഇനിയും
മാഞ്ഞുപോയിട്ടില്ല. സ :കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹപ്രകാരമാണ് സ എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആക്കപ്പെട്ടതെന്നു വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ കൊണ്ടുപിടിച്ചു നടത്തുന്ന ശ്രമം ഇനിയും ഒരു കടങ്കഥയായി തുടരുകയാണ്. .കോടിയേരിയെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ ഇപ്പോഴും അത് നൊമ്പരം സൃഷ്ടിക്കുകയാണ്. അതിപ്പൊഴും ഉമിത്തീപോലെ നീറുന്നതു കോടിയേരിയുടെ സഹധര്‍മ്മിണി വിനോദിനിയെങ്കിലും തിരിച്ചറിയണം. പാര്‍ട്ടി നേതൃത്വത്തില്‍ വലിയയൊരു വിഭാഗത്തിന് സത്യം അറിയാം ,പക്ഷെ എന്തിനാണ് ശവത്തിലിട്ട് കുത്തി നാറ്റിക്കുന്നതെന്ന ചിന്തയാണ് അവരെ നിശ്ശബ്ദരാക്കുന്നത് .
കോടിയേരിയുടെ മരണത്തോടെ പാര്‍ട്ടി ഒന്നാകെ തന്റെയും കുടുംബത്തിന്റെയും പാര്‍ശ്വവര്‍ത്തികളുടെയും കൈവെള്ളയില്‍ ഒതുക്കണമെന്ന ലക്ഷ്യത്തോടെ നടത്തിയ ചതുരു പായങ്ങള്‍ക്ക് സമാനമായ ചതിയും ,വഞ്ചനയും കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തില്‍ അധികം കണ്ടിട്ടുണ്ടാകില്ല.
കോടതിയും പോലീസും മാത്രമല്ല സിപിഎമ്മില്‍ ഒരു തമോഗര്‍ത്തവും ഉണ്ട്? .അതിനുള്ളിലെ ആഭിചാരങ്ങള്‍ വല്ലപ്പോഴുമേ പുറത്തുവരൂ.എതിരാളികളെ നശിപ്പിക്കുന്നതിന് എത്ര ദണ്ഡന മേല്‍പ്പിച്ചാലും ഒരു തുള്ളി ചോരപോലും പുറത്തു ചിന്താതെ ശത്രുവിനെ തമോഗര്‍ത്തത്തില്‍ നിഗ്രഹിക്കാം. പാര്‍ട്ടിയെ അന്ധമായി വിശ്വസിച്ചു ജീവന്‍ എടുത്തു വിശ്വാസത്തിന്റെ തളികയില്‍ വെച്ചുകൊടുത്തു പാര്‍ട്ടി കൂറ് പ്രകടിപ്പിച്ചേ ചിലര്‍ പിന്‍വാങ്ങൂ. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ നാടിന്റെ പോലീസിലെ തടിമാടന്മാര്‍ ഉണ്ടെങ്കിലും തന്റെ കൈയ്യൂക്ക് കൂടി പ്രയോഗിച്ചു പ്രതിഷേധക്കാരനെ ഇടിച്ചു വീഴ്ത്തിയാലേ സമാധാനം കിട്ടൂ എന്ന് ചിന്തിക്കുന്ന ഇപി
ജയരാജന്മാര്‍ എക്കാലവും ഉണ്ട് . താനോ തന്റെ കുടുംബപരമ്പരയോ അല്ലാതെ മറ്റൊരാള്‍ മുകളിലേക്ക് കയറിവരരുത് എന്ന കുടില തന്ത്രം ലക്ഷ്യം വെച്ചാണ് തമോഗര്‍ത്തത്തില്ഇവിടെ ജോണ് ബ്രിട്ടാസിനെപ്പോലുള്ളവര്‍ വിദ്യ പഠിപ്പിക്കുന്നത്.
ഒരാളുടെ കുടുംബത്തില്‍ നിന്ന് മാത്രം താക്കോല്‍ സ്ഥാനങ്ങളില്‍ കയറ്റി വിടുക എന്ന തന്ത്രവിദ്യയില്‍ ആദ്യറൗണ്ടില്‍ തന്നെ മുഹമ്മദ് റിയാസുമാര്‍ വിജയം കണ്ടെങ്കിലും ഇതേവരെ സൈ്വര്യമായി ഭരണചക്രം തിരിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം.
എങ്ങിനെയാണ് എകെജി സെന്ററില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു എം വി ഗോവിന്ദന്‍ മാഷ് ഉണ്ടായി എന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറി പോലുള്ള മര്‍മ്മപ്രധാന പദവികളില്‍ ഇത്ര ലാഘവത്തോടെ പ്രാപ്തിയില്ലാത്ത ഒരാളെ കണ്ടെത്തിയ ചരിത്രം മുമ്പൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ആ പദവിയിലെത്തിയയാള്‍ പ്രാപ്തിയില്ലാത്ത ആളാണ് എന്ന് കുറ്റപ്പെടുത്തിയാലും ഇനി ഏതെങ്കിലും അനുഭവ പാരമ്പര്യം നേടി മുകളിലേക്ക് എത്തിക്കൂടെന്നില്ല. പക്ഷേ ഇത്ര കടുത്ത പ്രതിസന്ധി നേരിടുന്ന അന്താരാള ഘട്ടത്തില്‍ അതിനുള്ള സാവകാശം ഉണ്ടോ എന്നതാണ് പ്രശ്‌നം. നിലവില്‍ ആ പദവി വഹിക്കുന്ന ആള്‍ സംസ്ഥാനസെക്രട്ടറിയറ്റ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്തപ്പോള്‍ നിരുപാധികം പറഞ്ഞതായി അറിയുന്നത് ഇതിനു സര്‍വ്വഥാ യോഗ്യന്‍ ഒരേ ഒരാള്‍ മാത്രമാണ് , അത് ഇ പി ജയരാജന്‍ മാത്രമാണെന്നായിരുന്നല്ലോ .തനിക്ക് പറ്റിപ്പോയ രാഷ്ട്രീയ വ്യതിയാനങ്ങള്‍ യഥാസമയം കണ്ടെത്തി തന്നെ ശരിയായ പാതയില്‍ എത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും മനസ്സ് തുറന്ന് വെളിപ്പെടുത്തിട്ടുണ്ട് . ഇതൊക്കെയായിട്ടും മറ്റൊരാളെ മാത്രം തലപ്പത്തുകൊണ്ടുവന്നാല്‍ മതി എന്ന് മര്‍ക്കട മുഷ്ട്ടി കാട്ടിയതു എന്ത്കൊണ്ടാണ് ?
സംസ്ഥാന സെക്രട്ടറിയേറ്റിലോ മന്ത്രിസഭയിലോ പിബിയിലോ ഒരു സീനിയര്‍ അംഗത്തോട് മാത്രം അയിത്തം പ്രഖ്യാപിച്ചതിന്റെ പൊരുള്‍ എന്താണ്? ഒരാള്‍ക്ക് മാത്രം ആ ദുശ്ശാഠ്യം ഉണ്ടായതു എന്ത്കൊണ്ടാണ് ? മൂന്നാം നിരയിലുള്ള ബന്ധുമാത്രം മിന്നല്‍ വേഗത്തില്‍ മുകളില്‍ പ്രതിഷ്ഠിക്കണമെന്ന ദുശ്ശാഠ്യത്തിനു എന്ത് യുക്തിയാണ്? ഇങ്ങിനെയായിരുന്നുവോ സിപിഎം ? പാര്‍ട്ടി സംസ്ഥാന നേതൃത്വം കയ്യടക്കിയിരിക്കുന്ന ഒരു കുടുംബം ഉപജാപക സംഘമായി പരിണമിച്ചു എം പി സ്ഥാനവും സംസ്ഥാനകമ്മിറ്റി അംഗത്വവും ചുളുവില്‍ കയ്യടക്കിയതോ? കമ്മ്യുണിസ്റ്റുകാരല്ലാത്തവരെ ഈ സ്ഥാനങ്ങളില് വെക്കുന്നത് പാര്‍ട്ടിയെ അപഹസിക്കുന്നതു കണ്ടിട്ടും ഈ പാര്‍ട്ടി എങ്ങിനെയാണ് അത് കയ്യുംകെട്ടി നോക്കിനിന്നു?
രാഷ്ട്രീയകളരിയില്‍ സജീവമല്ലായിരുന്നെങ്കിലും ഉപജാപക കളിയില്‍ അഗ്രഗണ്യനായ ജോണ്‍ ബ്രിട്ടാസിനെയാണ് ചതുരംഗപ്പലകയിലെ ഒരു കരു ആക്കിയത്. .അദ്ദേഹത്തിന് ചതുരംഗകളിയില്‍ കിട്ടാനേയുളളൂ .നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. തരാതരം പോലെ കളിച്ചു നേതൃത്വവുമായി വിപപേശാനുള്ള ചാതുര്യം കയ്യടക്കിയ അദ്ദേഹം ഈ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയെ പിണറായിവിജയന്റെ പേരില്‍ വിലയിട്ട് എടുക്കുകയായിരുന്നു. നേരത്തെ അമേരിക്കന്‍ ചാരസംഘടനയുമായി ഡീല്‍ ഉറപ്പിച്ചിരിക്കുന്ന വാര്‍ത്ത ഇംഗ്‌ളീഷ് മാധ്യമങ്ങളിലൂടെ അദ്ദേഹം വന്‍ തോതില്‍ പ്രചരിപ്പിച്ചിരുന്നു .അതിന്റെ തുടര്‍ച്ചയായി അതുക്കും മേലെയുള്ള രണ്ടാമത്തെ ഡീലായിരുന്നു ഇത്. പുതിയ മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകണം പാര്‍ട്ടി നേതൃ ത്വത്തില്‍ ആരൊക്കെയുണ്ടാകണം പൊളിറ്റ് ബ്യുറോയില്‍ ആരെ എത്തിക്കണം എന്നെല്ലാം ബിസിനസ്സ് മാതൃകയില്‍ ഒറ്റ പേക്കാജായാണ് പരിഗണനക്കെടുത്തത്. ഭരണത്തലവന്‍ പോലും ഈ കോക്കസിന്റെ തടവറയില്‍ ആയിപ്പോയി .
ഇതിന്റെ ബ്ലൂ പ്രിന്റ തയ്യാറാക്കിയതില്‍ മലയാളചലച്ചിത്ര രംഗത്തെ മുടിചൂടാമന്നന്‍ നിഴല്‍പോലെ ഉണ്ടായിരിന്നു എന്നത് എത്ര പേര്‍ക്കറിയാം? ഇ പി ജയരാജനെയോ മറ്റാരെയെങ്കിലുമൊ ഒതുക്കുന്നതിനല്ല ഈ ഇടപെടല്‍. മറ്റൊരാളെ പിന്‍ഗാമിയായി വാഴിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഈ മഹാനടന്റെ പേര് കൂടി ഉപയോഗിച്ച് ക്ലിയര്‍ ചെയ്യുകയായിരുന്നു ലക്ഷ്യം. സത്യത്തില്‍ ഇതൊരു ഹെര്‍ക്കുലിന്‍ ടാസ്‌ക് തന്നെയായിരുന്നു.ഹെര്‍ക്കുലിയസ് നിര്‍വഹിച്ച സാഹസപ്രവൃത്തികളുടെ നിരയിലേക്ക് തന്നെ ഇതിനെയും പ്രതിഷ്ഠിക്കാം. പാര്‍ട്ടിയുടെ ഉള്‍ക്കാമ്പാകെ അതോടെ ശിഥിലമായി. ഒരിക്കലും പിന്തിരിയാത്ത ശത്രുക്കളെ വധിക്കാന്‍ മഹര്‍ഷി സ്വന്തം അസ്ഥികൊണ്ടു നിര്‍മ്മിച്ച ആയുധം തന്നെ ഉപയോഗിച്ചത് പോലെയായതുകൊണ്ടു ഇതിനൊരു വജ്രായുധത്തിന്റെ ശക്തി കൈവന്നു.
ഇതൊന്നും ഇ പി ജയരാജന്‍ അറിയാത്തതല്ല .പക്ഷെ അദ്ദേഹം എടുത്ത നിലപാട് ആ തെണ്ടികള്‍ കൊണ്ടുപോയി മൃഷ്ട്ടാനം തിന്നട്ടെ എന്ന നിസ്സംഗ സമീപനമായിരുന്നു. ഇ പി ജയരാജനും ഡോ തോമസ് ഐസക്കും എം എ ബേബിയും എല്ലാം നനഞ്ഞ പടക്കങ്ങള്‍ ആയി. എ കെ ജി സെന്ററിന് എതിരെയുള്ള പാര്‍ട്ടി കെട്ടിടത്തിലെ കോടിയേരിയുടെ ഫ്ളാറ്റിനുള്ളില്‍ കാലുകുത്തേണ്ടിവരുമ്പോള്‍ ഈ ഉപജാപങ്ങളുടെ സൂത്രധാരന്മാരുടെ കാലിടറും. അന്ത്യനിമിഷങ്ങളില്‍ എന്താണ് അവിടെ സംഭവിച്ചതെന്ന് ഈ നിമിഷം വരെ പുറത്തുവന്നിട്ടില്ല. എം വി ഗോവിന്ദനെ സംസ്ഥാനസെക്രട്ടറിയാക്കാന്‍ പുറത്തു കൊട്ടിഘോഷിക്കുന്ന പോലെ സ കോടിയേരി ബാലകൃഷ്ണന്‍ ആരോടെങ്കിലും നിര്‍ദേശിച്ചിരുന്നോ? ആ മുറിയില്‍ ആ സമയം കോടിയേരിയോട് ഒപ്പമുണ്ടായിരുന്നത് സഖാക്കള്‍ സിതാറാം യെച്ചൂരിയും പിണറായി വിജയനും കോടിയേരി യുടെ സഹധര്‍മ്മിണി വിനോദിനിയും മാത്രം. ശരീരത്തിലെ ഊര്‍ജ്ജം മുഴുവന്‍ വറ്റി അത്യന്തം അവശനായിരുന്ന കോടിയേരിക്ക് ആ ഘട്ടത്തില്‍ ചുണ്ടനക്കാന്‍ പോലും കഴിയില്ലായിരുന്നു വത്രേ. സന്ദര്‍ശകരെ കണ്ടു അല്‍പ്പം ഊര്‍ജ്ജം വീണ്ടെടുക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും ആ ശ്രമം വിഫലമാകുന്നത് കൊണ്ട് കൂടുതല്‍ ക്ലേശിപ്പിക്കാതെ ഇവര്‍ ഉടനെ മുറിക്കു പുറത്തേക്കിറങ്ങിയത് മര്യാദ കൊണ്ടാകാം പരിക്ഷീണിതനായ കോടിയേരിയില്‍ അവശേഷിച്ച മുഴുവന്‍ ശക്തിയും സമാഹരിച്ചിട്ടും എന്തെങ്കിലും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സ്തംഭിച്ചി
രിപ്പായിരുന്നു കോടിയേരി . ആകെ ചുണ്ടനക്കി ഉരിയാടിയതു വിനോദിനിയോട് മാത്രം! . അതും ഇത്രമാത്രം ‘: അവരൊക്കെ എന്തിനാ വന്നത് ?
സ്‌നേഹം കൊണ്ട് ഉഴലുന്ന ആ മനസിലെ വിഹ്വലത ആ വാക്കുകളില്‍ ആര്‍ക്കും വായിച്ചെടുക്കാമായിരുന്നു . വിനോദിനിയുടെ ഹൃദയത്തില്‍ നിന്ന് സ്‌നേഹപൂര്‍വ്വം വാര്‍ന്നുവീണ മടക്ക വാക്കുകള്‍ ഇത്രമാത്രം: ‘ അവര്‍ നിങ്ങളുടെ അസുഖം അറിയാന്‍ വന്നതല്ലേ ?’ വീണ്ടും ആ സ്‌നേഹത്തലോടലിന്റെ മയില്‍പ്പീലി വിനോദിനി മനസില്‍ നിന്ന് എടുത്തപ്പോള്‍ അതിഥികള്‍ എല്ലാവരും തൊട്ടടുത്ത ഫ്ളാറ്റില്‍ ചേര്‍ന്നുകൊണ്ടിരുന്ന സംസ്ഥാനകമ്മിറ്റി യോഗത്തിലേക്ക് നീങ്ങി. നേരത്തെ തയ്യാറാക്കിവെച്ചിരുന്ന തിരക്കഥയുടെ ആദ്യ താളിലേക്ക് വെപ്രാളം കൂട്ടിയത് ആ പേക്കേജ് മുഴുവന്‍ വിഴുങ്ങാനുള്ള ആര്‍ത്തിക്കൊണ്ടാണ്. മനസ്സ് വേച്ച് വേച്ച് നിന്ന സമയത്തു പുതിയ പാര്‍ട്ടി സെക്രട്ടറിയുടെ പേര് പ്രഖ്യാപിക്കാന്‍ കോടിയേരിക്ക് കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തില്‍ അമാനുഷിക ശക്തി എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടാകണം? ഒരു മനുഷ്യ മസ്തിഷ്‌ക്ക മല്ലേ കൊടിയേരിക്കു മുണ്ടായിരുന്നത്. അതോ തൂക്കിലേറാന്‍ നില്‍ക്കുന്ന ധീരനായ ഭഗത് സിംഗോ?
എ കെ ജി സെന്ററില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ പറന്നുയരുന്ന കോടിയേരിയുടെ മനസ്സ് വിപ്ലവ രോമാഞ്ചമണിയട്ടെ എന്ന് ലക്ഷ്യമാക്കിയാകാം എം എ ബേബി ആ വികാരമൂര്‍ഛയില്‍ നല്‍കിയ ബിഗ് സല്യൂട്ട് നക്ഷത്ര ശോഭയോടെ വാനില്‍ പറന്നത്. എന്തിനാണ് ആ സത്യത്തെ കുഴിച്ചുമൂടുന്ന പെരും നുണ ? ആ ശരീരത്തിലെ നിഴലിന്റെ നിഴലായി എല്ലാ സുഖദുഃഖങ്ങളും പങ്കിട്ടതല്ലേ കോടിയേരിയുടെ ധര്‍മ്മപത്നി ? എന്തിനാണ് കോടിയേരിയുടെ മേല്‍ ഇങ്ങിനെ ഒരു പഴി വെച്ചുകെട്ടണം .ഒരമ്മ പെറ്റ മക്കളെ പോലെ ജീവിച്ചവരല്ലേ കോടിയേരിയും ജയരാജനുമെല്ലാം . സ്വന്തം കുടുംബത്തിന് എല്ലാം വെട്ടിപ്പിടിക്കാന്‍ ഇ പി യെ ഇകഴ്ത്തിക്കാണിക്കാന്‍ കോടിയേരിയുടെ പേര് ഉപയോഗിച്ചാല്‍,അങ്ങിനെ പാടുണ്ടോ? അത് പാടുണ്ടോ ? കോടിയേരിയുടെ മക്കളുടെ മനസ്സ് തപിച്ചപ്പോള്‍ ആ ചൂട് ഏറ്റുവാങ്ങാന്‍ ഒരു ഇ പി ഉണ്ടായിരിന്നു. പക്ഷേ ആര് സെക്രട്ടറിയാകണമെന്ന് എപ്പോഴെങ്കിലും കോടിയേരി പറഞ്ഞിരുന്നോ?. ഒരു കാര്യം ഉറപ്പാണ്. എന്റെ വിദ്യാഭ്യാസകാലം മുതലുള്ള സൗഹൃദം . രാഷ്ട്രീയ അതിരുകള്‍ക്കപ്പുറമുള്ള ബന്ധം. ആ പുലിക്കുട്ടി ഇനി ഒരു തിരിച്ചു വരവിനുണ്ടാകുമെന്നു തോന്നുന്നില്ല. കൂട്ടിലടച്ചത് രാഷ്ട്രീയ ശത്രുക്കള്‍ അല്ല എന്നതറിയാം .