കോവിഡ് കേരളത്തിൽ കുറയാത്തത് ആശങ്കയെന്ന പ്രധാനമന്ത്രിയുടെ വാദം പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്; മൂന്നാം തരംഗത്തിന് സാദ്ധ്യത കുറവെന്നും ഡോ. ജേക്കബ് ജോൺ

കോവിഡ് മൂന്നാം തരം​ഗത്തിന് സാദ്ധ്യത കുറവാണെന്ന് ഐ.സി.എം.ആർ. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോൺ.

ദക്ഷിണാഫ്രിക്കയിലെ മൂന്നാം തരംഗവും ഇംഗ്ലണ്ടിലെ നാലാം തരംഗവും സംഭവിച്ച സമയത്താണ് ദേശീയ തലത്തിൽ ഇവിടെ രണ്ടാം തരംഗമുണ്ടായതെന്നും ഇവിടെ ഒരു മൂന്നാം തരംഗമുണ്ടാവാനുള്ള സാദ്ധ്യത കുറവാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മൂന്നാം തരം​ഗം വരില്ല എന്നത് എന്റെ ഇന്റലിജന്റ് ​ഗസ്സ് ആണെന്നും ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വ്യാപകമായി പടരുന്ന മറ്റൊരു വകഭേദം ഇനിയും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിതരുടെ എണ്ണം കേരളത്തിൽ കുറയാത്തത് ആശങ്കയുളവാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ വാദം പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണെന്നും അതിനെ അങ്ങിനെ തന്നെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ തുടരേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും ഡോക്ടർ പറന്നു. കുംഭമേളകൾ നടത്തണമെന്നല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്നും കരുതലോടെയുള്ള നിയന്ത്രണങ്ങളാവാമെന്നും അദ്ദേഹം പറഞ്ഞു.