ക്രിസ്ത്യന്‍ സമൂഹത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടാക്കുന്നത് സംഘ്പരിവാര്‍ അജണ്ടയാണ്; ബെന്യാമിന്‍

ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ഇസ്ലാം വിരുദ്ധതയുണ്ടാക്കുന്നത് സംഘ്പരിവാര്‍ അജണ്ടയാണെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. കേരളത്തിലെ ക്രിസ്തീയ സഭകളുടെ നിലപാടുകളും അവര്‍ക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ആശയങ്ങളും ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബെന്യാമിന്‍ ഇക്കാര്യം പറഞ്ഞത്.

സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി തെറ്റുദ്ധരിക്കപ്പെട്ട ക്രിസ്ത്യാനികളാണ് കാസ എന്ന സംഘടന ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിലെ ക്രിസ്ത്യാനികള്‍ ഇത്തരത്തില്‍ ഒരു പ്രചരണങ്ങള്‍ക്കും നിന്ന് കൊടുക്കാത്തവരായിരുന്നു. ക്രിസ്തീയ സമൂഹത്തിന് മേല്‍കൈ ഉള്ള കച്ചവട മേഖലകള്‍ മുഴുവന്‍ മുസ്ലിംകള്‍ പിടിച്ചടക്കുന്നു എന്നതായിരുന്നു ആദ്യം സംഘ്പരിവാര്‍ ഇറക്കിയ അജണ്ടകളിലൊന്ന്. പിന്നീട്, ലൗജിഹാദ്, കൈവെട്ട് കേസ്, ശ്രീലങ്കന്‍ സ്‌ഫോടനം തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരികയും ഇസ്ലാം വിരുദ്ധത സൃഷ്ടിക്കുകയും ചെയ്തു. കേരളത്തിലെ ഇടതുപക്ഷവും മറ്റു സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം ഇത് സൂക്ഷ്മമായി വിലയിരുത്തുന്നതില്‍ പരാജയപ്പെടുകയോ അത് മനസ്സിലാക്കാതെ പോകുകയോ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യക്ഷത്തില്‍ മതേതരത്വം പറയുകയും എന്നാല്‍ പരോക്ഷമായി പേടിക്കേണ്ട സ്ഥിതി ഉണ്ട് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന വലിയൊരുപക്ഷം മതേതരവാദികളെയും സമൂഹത്തില്‍ കാണാന്‍ കഴിയും. സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളെല്ലാം സത്യമാണെന്നും പേടിക്കേണ്ട സമൂഹമായി ഇസ്ലാം ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരികയാണെന്ന് ഇവിടുത്തെ ബുദ്ധിജീവി സമൂഹം പോലും വിശ്വസിച്ചുക്കുന്നു. അവര്‍ അതിന് നിശ്ശബ്ദമായി പിന്തുണയും നല്‍കുന്നു. 2040ല്‍ സംഘ്പരിവാര്‍ എന്താണ് ലക്ഷ്യംവെക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കണം. ഈ അജണ്ടകള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത ഉള്ളവരായിരിക്കുകയും അതിനെക്കുറിച്ച് ഉറക്കെ സംസാരിക്കുകയും വേണമെന്ന് ബെന്യാമിന്‍ ആവശ്യപ്പെട്ടു.

ക്രിസ്ത്യന്‍ സമൂഹം എപ്പോഴും സുരക്ഷിതമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സമൂഹമാണ്. ഭരണപക്ഷത്തിന് അനുകൂലമായി നിന്ന് പങ്കുപറ്റി ഗുണങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗമാണ്. ഇന്ത്യയില്‍ ബി.ജെ.പി വളരുമ്പോള്‍ അതിനോട് പക്ഷം ചേരാനുള്ള സ്വാഭാവികതയുമുണ്ടാകും. ഇപ്പോള്‍ സംഘപരിവാറിനോട് ചേര്‍ന്നു നില്‍ക്കുന്നവരില്‍ വലിയൊരു വിഭാഗവും പൗരാണികമായി ബ്രാഹ്‌മണന്മാരായിരുന്നു എന്ന് വിശ്വസിക്കുന്ന ക്രിസ്തീയ വിഭാഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.