സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്നായിരുന്നു വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ശൈലിയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങിയത് സര്‍ക്കരിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായി.
മൈക്കിനോട് പോലും കയര്‍ക്കുന്ന പിണറായിയുടെ അസഹിഷ്ണുത ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച വിവാദം ഒഴിവാക്കേണ്ടതായിരുന്നു. ജില്ലാ കമ്മിറ്റികള്‍ ഉള്‍പ്പെടെ പിണറായി വിജയനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ അവഗണിക്കരുതെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്ന നടപടികളാണ് ആഭ്യന്തര വകുപ്പില്‍ നിന്നുമുണ്ടായത്. തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടല്‍ തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന് അടിത്തറ പാകിയതായും സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. പിണറായിയെ കൂടാതെ ചില അധികാര കേന്ദ്രങ്ങള്‍ പൊലീസിനെ നിയന്ത്രിക്കുന്നതായും ആരോപണമുണ്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസിനെതിരെയാണ് പരോക്ഷമായി ആരോപണമുയര്‍ന്നത്. സംസ്ഥാനത്തെ തുടര്‍ച്ചയായ കൊലപാതകങ്ങളും ഗുണ്ടാ പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ ഭീതി പടര്‍ത്തി. സ്ത്രീ സുരക്ഷയിലും ഇടത് സര്‍ക്കാര്‍ പരാജയം നേരിട്ടെന്നും മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ ഉയര്‍ന്നുവന്നു.
മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായ പൊലീസ് നടപടികളും ഈ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയായി. മാധ്യമങ്ങളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന് പൊലീസ് നടപടികള്‍ തിരിച്ചടിയായി. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നാണ് മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഏറെയും.
Read more
സിപിഎമ്മില്‍ ഏറെ കാലത്തിന് ശേഷമാണ് പിണറായി വിജയനെതിരെ വിമര്‍ശനം ഉയരുന്നത്. പാര്‍ട്ടിയുടെ തലപ്പത്ത് പിണറായി വിജയന്‍ എത്തിയതിന് ശേഷം ആദ്യമായാണ് സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് വിവിധ പരാതികള്‍ തനിക്ക് ലഭിച്ചിരുന്നതായി പാര്‍ട്ടി ജനറല്‍ സീതാറാം യെച്ചൂരിയും അറിയിച്ചു. കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനം ആഗ്രഹിച്ചിരുന്നുവെന്നും സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.