ബൈക്ക് റേസിംഗിനിടെ യുവാക്കള്‍ മരിച്ച സംഭവം; കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരത്ത് ബൈക്ക് റേസിംഗിനിടെ യുവാക്കള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് കര്‍ശന നടപടിക്കൊരുങ്ങിമോട്ടോര്‍ വാഹന വകുപ്പ്. നാളെ മുതല്‍ രണ്ടാഴ്ച വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്താനാണ് തീരുമാനം. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

അപകടകരമായ രീതിയില്‍ ബൈക്ക് റേസിംഗും അഭ്യാസപ്രകടനങ്ങളുമെല്ലാം നടക്കുന്നുവെന്ന് വിവരം ലഭിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. അതിന് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും പൊതു നിരത്തുകളിലും പരിശോധനയുണ്ടാകും. കുറ്റക്കാരെന്ന് കണ്ടെത്തുവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കും.

കഴിഞ്ഞ ദിവസമാണ് കോവളത്ത് ബൈപ്പാസിന് സമീപം രണ്ടു യുവാക്കള്‍ മരിച്ചത്. റേസിംഗിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം മുക്കോലയില്‍ കല്ലുവെട്ടാം കുഴിക്ക് സമീപത്തായിരുന്നു അപകടം.

Read more

സ്ഥാരമായി റേസിംഗ് നടക്കുന്ന സ്ഥലമാണിതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.