സ്ത്രീ അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേർപ്പെട്ടാൽ ഓട്ടിസ്റ്റിക്കായ കുട്ടി ഉണ്ടാവില്ല, മിടുക്കനായ കുട്ടി മാത്രമേ ഉണ്ടാകൂ: സുഭാഷ് ചന്ദ്രൻ; പരാമർശത്തിനെതിരെ പ്രതിഷേധം

പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്റെ പുതിയ നോവൽ “സമുദ്രശില” യെ ആസ്പദമാക്കി പെൺകാമനയുടെ സമുദ്രശില എന്ന പേരിൽ ഏഷ്യാനെറ്റിൽ വന്ന പരിപാടിയിലെ സുഭാഷ് ചന്ദ്രന്റെ പരാമർശത്തിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. “സ്ത്രീ അവളുടെ പൂർണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും പ്രിയ പുരുഷനുമൊത്ത് രതിയിലേർപ്പെട്ടാൽ ഒരിക്കലും ഓട്ടിസ്റ്റിക്കായ ഒരു കുട്ടി ഉണ്ടാവില്ല, മിടുക്കനായ കുട്ടി മാത്രമേ ഉണ്ടാകൂ” എന്ന് സുഭാഷ് ചന്ദ്രൻ പരിപാടിയിൽ പറയുന്നുണ്ട്, ഇതാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് വിമർശന വിധേയമാക്കിയിരിക്കുന്നത്.

സുഭാഷ് ചന്ദ്രൻ തന്റെ കൃതിയിലൂടെ ബലാത്‌സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കാണ് ഓട്ടിസ്റ്റിക്കായ കുട്ടികള്‍ ഉണ്ടാകുന്നത് എന്ന് പറയാനാണോ ഉദ്ദേശിക്കുന്നത് എന്നും ഓട്ടിസത്തിന്റെ ശാസ്ത്രീയ വശങ്ങളെ പറ്റി സുഭാഷ് ചന്ദ്രന് ഒന്നും അറിയില്ല എന്നുമാണ് സാമൂഹിക മാധ്യമങ്ങളിലെ ഒരു വിഭാഗം വിമർശിക്കുന്നത്.

“”സമുദ്രശില” വായിച്ചവരെല്ലാം ഫോണിലൂടെയും കത്തിലൂടെയും നേരിട്ടുമെല്ലാം ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ അംബയുടെ കാമുകനുമൊത്ത് വെള്ളിയാങ്കലില്‍ പോയി ഒരു രാത്രി ഒരു പൂര്‍ണചന്ദ്രനുള്ള രാത്രി പൗര്‍ണമി ചെലവഴിച്ചു എന്ന് പറഞ്ഞ ആ സംഭവം വാസ്തവമാണോ അതോ സ്വപ്നമാണോ എന്നുള്ളതാണ്. അംബ അവളുടെ ഇഷ്ടപുരുഷനുമൊത്ത് സര്‍വ സ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു അതാണ് വാസ്തവമെങ്കില്‍ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള അല്ലെങ്കില്‍ ഡൗണ്‍സിന്‍ഡ്രോം  ഉള്ള ഒരു കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ നമ്മള്‍ പറയാനുദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത്” എന്നാണ് സുഭാഷ് ചന്ദ്രൻ പെൺകാമനയുടെ സമുദ്രശില എന്ന പരിപാടിയിൽ പറയുന്നത്.

മനുഷ്യന് ഒരു ആമുഖത്തിന് ശേഷം സുഭാഷ് ചന്ദ്രന്റേതായി പുറത്തുവന്ന രണ്ടാമത്തെ നോവലാണ് സമുദ്രശില. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്ന സുഭാഷ് ചന്ദ്രന് ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരാമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മനുഷ്യന് ഒരാമുഖത്തിന് ഓടക്കുഴൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.