ഐസ്‌ക്രീം പാര്‍ലര്‍ കേസ്; വി.എസിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍, ‘കേസില്‍ അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയാക്കിയതാണ്’

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ആവശ്യം അറിയിച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് വി.എസ് ഹര്‍ജി സമര്‍പ്പിച്ചത്.

കേസില്‍ അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയതാണ്. വിശദമായ അന്വേഷണമാണ് നടന്നതെന്നും മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ തീര്‍ത്തും കുറ്റവിമുക്തനാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് തീര്‍പ്പാക്കിയ കീഴ്ക്കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഇരകള്‍ക്കു പണം നല്‍കി എന്ന കേസില്‍ കുഞ്ഞാലിക്കുട്ടിയേയും പഴയ സഹായി റൗഫിനേയും പ്രതി ചേര്‍ക്കണം എന്നും വിഎസ് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടത് സര്‍ക്കാര്‍ ആണെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അതിനുള്ള ശ്രമമുണ്ടായില്ലെന്നും വി.എസ് കോടതിയില്‍ വ്യക്തമാക്കി.