അഞ്ച് വര്‍ഷത്തിനിടെ എത്തിയത് 6000 കോടി; ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിൽനിന്ന് നിരോധിതനോട്ടുകളും പിടിച്ചെടുത്തു

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ നിരോധിതനോട്ടും പിടിച്ചെടുത്തു. തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ആദായനികുതിവിഭാഗത്തിന്റെ നേതൃത്വത്തിൽ തുടരുന്ന റെയ്ഡിൽ നിരോധിതനോട്ട് ഉൾപ്പെടെ 11 കോടി രൂപകൂടി പിടിച്ചെടുത്തതായാണ് സൂചന.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ സഭാ ആസ്ഥാനത്ത് പാർക്ക്ചെയ്ത വാഹനത്തിൽനിന്നും കെട്ടിടത്തിൽനിന്നുമായി കണക്കിൽപ്പെടാത്ത പണം പിടികൂടിയിരുന്നു. ഇതിൽ രണ്ടുകോടി രൂപയുടെ നിരോധിതനോട്ടുകൾ സഭാ ആസ്ഥാനത്തെ കെട്ടിടത്തിൽനിന്നും ഒൻപതുകോടി രൂപ ആസ്ഥാനവളപ്പിൽ പാർക്ക്ചെയ്തിരുന്ന വാഹനത്തിൽനിന്നും കണ്ടെടുത്തു.

കൊച്ചിയിൽനിന്നുള്ള എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ശനിയാഴ്ച പരിശോധനകൾക്ക് എത്തിയിട്ടുണ്ട്. ഇതോടെ, പരിശോധനകൾ നീളാനാണ് സാധ്യത. അഞ്ചുവർഷത്തിനിടെ ബിലീവേഴ്‌സ് ചർച്ച്, കണക്കിൽപ്പെടാത്ത 6000 കോടി രൂപ രാജ്യത്ത് എത്തിച്ചതായാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, ഇക്കാര്യം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോ എൻഫോഴ്‌സ്‌മെന്റ് അധികാരികളോ തിരുവല്ലയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരിശോധനകൾ സംബന്ധിച്ച് സഭാനേതൃത്വത്തിന്റെ പ്രതികരണവും വന്നിട്ടില്ല. സഭാ ആസ്ഥാനത്ത് ശക്തമായ പോലീസ് കാവലുണ്ട്.

അതേസമയം ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ മറവിൽനടന്ന അനധികൃത പണമിടപാടുകളെപ്പറ്റി സമഗ്ര അന്വേഷണംവേണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം ഭാരവാഹികളായ അഡ്വ. സ്റ്റീഫൻ ഐസക്ക്, ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Read more

സഭയെയും മെത്രാപ്പോലീത്തയെയും വിശ്വാസിസമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് സഭയുെട ചുമതലവഹിക്കുന്ന ചിലരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്നും ഇവർ ആരോപിച്ചു. സഭയിലെ ചില ഉന്നതർ, മെത്രാപ്പോലീത്തയെ ഭീഷണിപ്പെടുത്തി അഴിമതി നടത്തുകയാണെന്നും ഇവർ കുറ്റപ്പെടുത്തി.