കനത്ത മഴ; കൊച്ചിയില്‍ ഗതാഗതം തടസ്സപ്പെട്ടു, വ്യാപക നാശഷ്ടം

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കൊച്ചിയിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മഴയില്‍ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇടപ്പള്ളി, കലൂര്‍, എം ജി റോഡ്, തൃപ്പൂണിത്തുറ അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. തൃപ്പൂണിത്തുറയില്‍ വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ശുചീകരണം നടക്കാത്തതിനാല്‍ ഓടകളും മറ്റും അടഞ്ഞുകിടക്കുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.

അതിനിടെ ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് മരം വീണു. കോമ്പയാര്‍ പുതുക്കില്‍ സുരേഷിന്റെ വീട്ടിലാണ് മരം വീണത്. അപകടത്തില്‍ ആളപായമില്ല. കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയില്‍ മരം മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് വ്യാപകമായി ഒറ്റപ്പെട്ട് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.