കനത്തമഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, റോഡുകള്‍ വെള്ളത്തില്‍, ജാഗ്രതാനിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്ന് നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്നും പുഴക്കരയിലുള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദികളിലും ജലനിരപ്പ് ഉയരുകയാണ്. ഇതേ തുടര്‍ന്ന് നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, ജനങ്ങള്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലം ഒഴുക്കിവിടുകയാണ്. പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നത്. നിലവില്‍ 13000 ക്യുമെക്സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും ഡാമിലേക്ക് എത്തുന്നത്.

കോന്നി കല്ലേലി ഭാഗത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. അറയാഞ്ഞിലിമണ്‍ കോസ് വേ മുങ്ങി. പമ്പാ നദിയിലും ജലനിരപ്പ് ഉയര്‍ന്നു. പാലായില്‍ മീനച്ചിലാറിലും ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പാലാ നഗരത്തില്‍ റോഡ് ഇടിഞ്ഞുവീണ് വലിയ ഗര്‍ത്തം രൂപപ്പെട്ടു. അഴുതയാര്‍ കരകവിഞ്ഞത്തോടെ കോരുത്തോട് മൂഴിക്കല്‍ കോ സ്വേ വെള്ളത്തിനടിയിലായി.പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളിലേക്ക് നീരൊഴുക്ക് കൂടി. തൊടുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മലയോരപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.