'കടയില്‍ പോകാൻ നിബന്ധനകൾ കര്‍ശനമായി പാലിക്കണം': ഉത്തരവ് തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി

പൊതുജനങ്ങൾക്ക് കടകളിൽ പോകാൻ കർശന നിബന്ധനകൾ ഏർപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവ് തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് തിരുത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരം ഇന്ന് മുതൽ മൂന്ന് വിഭാഗം ആളുകൾക്ക് മാത്രമാണ് കടകളിൽ പ്രവേശനം അനുവദിക്കുക; ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർ, 72 മണിക്കൂറിനിടെ എടുത്ത ആർടി-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ. ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് ഉള്ളവർ.

ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും കടകളില്‍ കയറാൻ ഏർപ്പെടുത്തിയ നിബന്ധനകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. പുതിയ നിബന്ധനകളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ ഉണ്ടെന്നതിനാൽ ആദ്യദിവസം പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

Read more

അതേസമയം നിബന്ധനകൾ കടകൾക്ക് മുന്നിൽ പ്രദർശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാൽ നിബന്ധനകൾ ‍പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ആഴ്ചയില്‍ ആറ് ദിവസം രാത്രി ഒമ്പത് മണി വരെ കടകള്‍ തുറക്കാമെന്ന ഇളവ് ഇന്ന് രാവിലെ മുതലാണ് പ്രാബല്യത്തിൽ വന്നത്.