ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍ മിസൈലാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന ആരോപിച്ചു. ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനം നടന്നതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രിയാണ് ആരോപിച്ചത്. ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് സൈന്യത്തിന് നിര്‍ദേശം നല്‍കി. വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ പ്രതിരോധിച്ചതായും ഐഡിഎഫ് അറിയിച്ചു. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.
അതേസമയം ഇസ്രയേലിന്റെ ആരോപണം ഇറാന്‍ നിഷേധിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ അംഗീകരിച്ചത്. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാന്‍ വെടിനിര്‍ത്തിലിനു തയാറായത്. ഈ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിര്‍ദേശപ്രകാരം ഇറാനുമായി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും അറിയിച്ചിരുന്നു. എന്നാല്‍, ഇറാന്റെ ആക്രമണം വീണ്ടും ഉണ്ടായതോടെ തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി ഉത്തരവിടുകയായിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വെടിനിര്‍ത്തലിനായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെട്ടിട്ടുള്ളത് ഖത്തറിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലിന് ഇറാന്‍ സമ്മതം അറിയിച്ചതെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഖത്തറിന്റെ പേര് ട്രംപ് പരാമര്‍ശിച്ചിട്ടില്ല.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്നാലെ ഇസ്രയേല്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക പ്രതികരണം വന്നിട്ടുണ്ടായിരുന്നില്ല.
Read more
അതേസമയം, വടക്കന്‍ ഇസ്രയേലില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അധികൃതര്‍ അനുവാദം നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വടക്കന്‍ ഇറാനില്‍ നടന്ന ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്കു പരുക്കേറ്റു. തീവ്രവാദ ആക്രമണമാണ് ഉണ്ടായതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഇസ്രയേലാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.