ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്; ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസ്

മെഡിക്കല്‍ ഓഫീസര്‍ നിയമന തട്ടിപ്പ് കേസില്‍ ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവിന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. അഖില്‍ മാത്യുവിന്റെ പേര് ഉപയോഗിച്ച് മറ്റ് പ്രതികള്‍ ആള്‍മാറാട്ടം നടത്തിയെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അഖില്‍ സജീവാണ് കേസില്‍ ഒന്നാം പ്രതി. ലെനിന്‍ രാജ്, റയീസ് എന്നിവരാണ് കേസില്‍ രണ്ടും മൂന്നും പ്രതികള്‍. ഇവര്‍ മൂവരും ചേര്‍ന്ന് ഹരിദാസിനെ വഞ്ചിച്ച് 1.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസിനെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.