നാണയം വിഴുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഇത്തരവിട്ടു

ആലുവ കടങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും

അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണിതെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി‌യെന്നും ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ ആലുവ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് എതിരെ ഉൾപ്പെടെ രൂക്ഷമായ ആരോപണങ്ങൾ കുട്ടിയുടെ ബന്ധുക്കൾ ഉന്നയിച്ച സാഹചര്യത്തിലാണു നടപടി.

ആലുവ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. മൂന്ന് സർക്കാർ ആശുപത്രികളിൽ എത്തിയിട്ടും ചികിൽസ ലഭിച്ചില്ലെന്ന് കുട്ടിയുടെ അമ്മൂമ്മ പറഞ്ഞു. ആലുവ ജില്ലാആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലുമാണ് കുട്ടിയെ എത്തിച്ചത്.

മെഡിക്കൽ കോളജിൽ പരിശോധനകൾക്കു ശേഷം കുട്ടിയെ വീട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. ഡോക്ടർമാർ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.