'അരിവാളിന് വെട്ടാനോങ്ങി, അതിക്രൂരമായി മർദ്ദിച്ചു'; കണ്ണൂരിൽ മകളെ മർദ്ദിച്ച പിതാവ് കസ്റ്റഡിയില്‍

കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ മർദ്ദിച്ച അച്ഛൻ കസ്റ്റഡിയിൽ. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എട്ട് വയസുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. ജോസിനെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

പിതാവ് മകളെ അതിക്രൂരമായി മർദ്ധിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. പിന്നാലെ മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ബാലാവകാശകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കണ്ണൂരിലെ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ് ജോസ്. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് റിപ്പോര്‍ട്ടര്‍ ടി വി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം.

Read more