മൂന്നാറിലെ ആംമ്പർ ഡെയ്ൽ റിസോർട്ടിന്‍റെ പട്ടയം റദ്ദാക്കിയ കളക്ടറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ

മൂന്നാർ പള്ളിവാസലിലെ ആംമ്പർ ഡെയ്ൽ റിസോർട്ടിന്‍റെ പട്ടയം റദ്ദാക്കിയ ജില്ലാ കളക്ടറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പട്ടയ വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയായിരുന്നു ജില്ലാ കളക്ടർ ആംമ്പർ ഡെയ്ൽ അടക്കം മൂന്ന് റിസോർ‍ട്ടുകളുടെ പട്ടയം റദ്ദാക്കിയത്. ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്ത് റിസോർട്ട് ഉടമ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

ആംമ്പർ ഡെയ്ൽ ഉടമ മാത്രമാണ് ഹൈക്കോടതിയെ സമീപിച്ചത്. പഴയ പ്ലംജൂഡി റിസോർട്ട് ആണ് ആംമ്പർ ഡെയ‌്ൽ ആയി മാറിയത്. പട്ടയം റദ്ദാക്കിയ കളക്ടറുടെ നടപടി നിയമപരമല്ലെന്ന് കോടതി പറഞ്ഞു. വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ നടപടി എടുത്തത്. എന്നാൽ വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ മാത്രം പട്ടയം റദ്ദാക്കാൻ സാധിക്കില്ലെന്ന് റിസോർട്ട് ഉടമ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ തങ്ങളുടെ ഭാഗം കേൾക്കാൻ കളക്ടർ തയ്യാറായില്ലെന്നും റിസോർടട്ട് ഉടമ കോടതിയിൽ പറഞ്ഞു. ഹർജി കോടതി അടുത്ത മാസം 25ലേക്ക് മാറ്റി.

പട്ടയവ്യവസ്ഥകൾ ലംഘിച്ചതിനാണ് ആംമ്പ‍ര്‍ ഡെയ്ൽ അടക്കം മൂന്ന് റിസോ‍ർട്ടുകള്‍ക്കെതിരെ നടപടിയെടുത്തത്. റിസോര്‍ട്ടുകളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തണ്ടപ്പേരുകൾ റദ്ദാക്കി പട്ടയം അസാധുവാക്കിയതോടെ മൂന്ന് റിസോര്‍ട്ടുകളുടെയും ഭൂമി ഏറ്റെടുക്കാൻ ദേവികുളം തഹസിൽദാരെ ജില്ലാഭരണകൂടം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Read more

പള്ളിവാസലിലെ ചെങ്കുത്തായ താഴ്വരയിലുള്ള ആംബർ ഡെയ്ൽ റിസോര്‍ട്ട്, നിർമാണത്തിലിരിക്കുന്ന മറ്റ് രണ്ട് റിസോര്‍ട്ടുകൾ എന്നിവയുടെ പട്ടയമാണ് റദ്ദാക്കിയത്. 1964ലെ ഭൂപതിവ് ചട്ടം അനുസരിച്ചാണ് മൂന്ന് റിസോര്‍ട്ടുകൾക്കും പട്ടയം അനുവദിച്ചത്. ഇതനുസരിച്ച് പട്ടയഭൂമി കൃഷി ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. ഇക്കാര്യം അറിഞ്ഞിട്ടും റിസോര്‍ട്ട് ഉടമകൾ ചട്ടം ലംഘിച്ച് പട്ടയ ഭൂമിയിൽ ബഹുനില കെട്ടിടം പണിതുയർത്തിയെന്ന് വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ഡിസംബറിൽ കളക്ടർ വിളിച്ച ഹിയറിംഗിലും കെട്ടിടം പണിതത് സാധൂകരിക്കാനുള്ള രേഖകൾ ഹാജാരാക്കാൻ റിസോര്‍ട്ട് ഉടമകൾക്ക് കഴിഞ്ഞിരുന്നില്ല.