സർക്കാർ ഇടപെടലിൽ സന്തോഷം, കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ: അനുപമ

കോടതിയില്‍ ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അനുപമ. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ നിന്നും സിഡബ്ല്യുസിയില്‍ നിന്നും തനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കുമെതിരെ നടപടി എടുക്കണമെന്നും അനുപമ പഞ്ഞു.

സെക്രട്ടേറിയേറ്റ്‌ പടിക്കല്‍ കുഞ്ഞിന്റെ അമ്മ അനുപയും അച്ഛൻ അജിത്തും നിരാഹാര സമരം ആരംഭിച്ചിരുന്നു. സമരം തുടരുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ പറഞ്ഞു.

കോടതിയില്‍ ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. അനുപമയുടെ കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. തിരുവനന്തപുരാം വഞ്ചിയൂര്‍ കുടുംബ കോടതിയെ സര്‍ക്കാര്‍ സമീപിക്കും. ദത്തു നല്‍കിയ കുഞ്ഞില്‍ അനുപമ ഉന്നയിക്കുന്ന അവകാശവാദം സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

കുഞ്ഞിനെ ഏറ്റെടുത്തതും ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണവും സര്‍ക്കാര്‍ നടത്തും. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഈ ഉത്തരവും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കും. കുഞ്ഞിന്റെ കാര്യത്തില്‍ അന്തിമ വിധി വരുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.