സ്വർണക്കടത്ത്: കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ. ടി റമീസിന് ജാമ്യം, പുറത്തിറങ്ങാൻ സാധിക്കില്ല

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം ലഭിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തെ കസ്റ്റംസ് കോടതിയിൽ എതിർത്തിട്ടില്ല. അതേസമയം കസ്റ്റംസ് കേസിൽ മാത്രമാണ് റമീസിന് ജാമ്യം ലഭിച്ചിട്ടുള്ളത്. എൻ.ഐ.എ റജിസ്റ്റർ ചെയ്ത കേസിലും റമീസ് പ്രതിയായതിനാൽ പുറത്തിറങ്ങാനാകില്ല.

സ്വർണക്കടത്തിൽ പ്രധാന ആസൂത്രകനെന്ന് എൻ.ഐ.എ കണ്ടെത്തിയ പ്രതിയാണ് കെ ടി റമീസ്. അറസ്റ്റിലായി 61-ാം ദിവസമാണ് റമീസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കണം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 മണിയ്ക്കിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. ഏഴ് ദിവസത്തിനകം പാസ്പോർട്ട് കോടതിയിൽ കെട്ടിവെയ്ക്കണം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

എന്നാൽ റമീസിന് ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തെ ബാധിക്കില്ല എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. എല്ലാ കാര്യങ്ങളും റമീസിനോട് ചോദിച്ച് അറിഞ്ഞിട്ടുണ്ട് എന്നതിനാലാണ് ജാമ്യം നൽകുന്നതിനെ കസ്റ്റംസ് എതിർക്കാഞ്ഞത്.