ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍ക്കില്ല, പ്രതിഷേധിക്കുന്നവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം ; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി വി ശിവന്‍കുട്ടി

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് വെളിപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തുല്യതാ യൂണിഫോം സ്‌കൂളുകളില്‍ അടിച്ചേല്‍പ്പിക്കില്ല. സര്‍ക്കാരിന് അതില്‍ യാതൊരു നിര്‍ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.

‘ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ സര്‍ക്കാര്‍ ഇതിനു മുന്‍പും നിലപാട് വ്യക്തമാക്കിയതാണ്. ഏതെങ്കിലും പ്രത്യേക രീതിയിലുള്ള യൂണിഫോം കേരളത്തിലെ സ്‌കൂളുകളില്‍ ധരിക്കണമെന്ന ഒരു തീരുമാനവും സര്‍ക്കാരിനില്ല.

ഇത്രയും സ്പഷ്ടമായി സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയതിന് ശേഷവും പ്രതിഷേധിക്കുന്നവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. നിര്‍ബന്ധപൂര്‍വ്വം യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല’, മന്ത്രി പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെ മുസ്ലിം സംഘടനകളുടെ യോഗത്തില്‍ എതിര്‍ത്തിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് സംശയാസ്പദമാണെന്നായിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്.