കൊച്ചിയില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം; വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരിക്ക്

എറണാകുളം വൈപ്പിന്‍ ഞാറയ്ക്കലില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. വൈപ്പിന്‍ പത്താംകുളങ്ങര സ്വദേശി ജയയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം ആശുപത്രിയിലേക്കെന്ന് അറിയിച്ച് ഓട്ടം വിളിച്ച മൂന്ന് പേരാണ് ജയയെ മര്‍ദ്ദിച്ചത്. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളും ജയ നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച് ഒരു യുവാവ് വാഹനത്തില്‍ കയറി. കുറച്ച് ദുരം പിന്നിട്ടതോടെ ചെറായിയില്‍ നിന്ന് രണ്ട് പേര്‍ കൂടി വാഹനത്തില്‍ കയറി. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടു.

ആശുപത്രിയില്‍ കൊടുക്കാനുള്ള പണം മറ്റൊരിടത്ത് നിന്ന് വാങ്ങണമെന്ന് അറിയിച്ചതോടെ ജയ അങ്ങോട്ടേയ്ക്ക് തിരിച്ചു. തുടര്‍ന്ന് തങ്ങളുടെ വാഹനം കുഴുപ്പിള്ളിയ്ക്ക് സമീപം ചാത്തങ്ങാട് ബീച്ചിലുണ്ടെന്നും അങ്ങോട്ടേയ്ക്ക് പോകണമെന്നും യാത്രക്കാര്‍ അറിയിച്ചു. ഒടുവില്‍ ബീച്ചിന് സമീപമെത്തിയപ്പോള്‍ മറ്റൊരിടത്തേക്ക് പോകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ തനിക്ക് ഇനി സവാരി തുടരാന്‍ സാധിക്കില്ലെന്ന് ജയ അറിയിച്ചതോടെ പ്രകോപിതരായ യാത്രക്കാര്‍ മൂവരും ചേര്‍ന്ന് ജയയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജയയുടെ നിലവിളി കേട്ടെത്തിയ പരിസരവാസി ഇവരുടെ ഒപ്പം ജോലിനോക്കുന്ന മറ്റൊരു ഓട്ടോ ഡ്രൈവറെ വിവരം അറിയിച്ചു. തുടര്‍ന്ന് ജയയ്‌ക്കൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ആശുപത്രിയിലെത്തിച്ച ജയയ്ക്ക് ഗുരുതര പരിക്കുകളാണെന്നും ഉടന്‍ വിദഗ്ധ ചികിത്സ നല്‍കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ജയയെ ലിസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.