അതിരുവിട്ട് വിജയാഘോഷം; എറണാകുളത്ത് പൊലീസുകാരനെ നടുറോഡിലിട്ട് വലിച്ചിഴച്ചു, കൊട്ടാരക്കരയില്‍ എസ്‌ഐയെ ചവിട്ടി വീഴ്ത്തി

ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. എറണാകുളം കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വച്ച് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. സിവില്‍ പൊലീസ് ഓഫീസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴച്ചു. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ വിജയാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ അനുരാഗിന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഫൈനല്‍ മത്സരത്തിന് പിന്നാലെ ഉണ്ടായ വാക്ക് തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. സംഭവത്തില്‍ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം പൊഴിയൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂര്‍ ജംഗ്ഷനില്‍ കളി കാണാന്‍ സ്‌ക്രീന്‍ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘര്‍ഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കള്‍ ഇവിടെ മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കാന്‍ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിന്‍ എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

ലോകകപ്പ് ഫുട്ബാള്‍ ഫൈനലിനിടെ കൊട്ടാരക്കര പൂവറ്റൂരിലും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൂവറ്റൂര്‍ സ്വദേശികളായ രാഹുല്‍ , സുബിന്‍,ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്തെ വായനശാലയില്‍ ലോകകപ്പ് മത്സരം കാണുന്നതിനിടെയായിരുന്നു സംഘര്‍ഷം. പൊഴിയൂര്‍ എസ്.ഐ സജിയെ ആണ് ജസ്റ്റിന്‍ മര്‍ദ്ദിച്ചത്. എസ്‌ഐയെ ചവിട്ടി തറയില്‍ തള്ളുകയും തുടര്‍ന്ന് കൈയില്‍ ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പൊലീസുകാര്‍ ബലം പ്രയോഗിച്ച് അക്രമിയായ ജസ്റ്റിനെ പിടികൂടി. ഇയാളെ പിന്നീട് പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.