സിപിഎമ്മിന്റെ എതിര്‍പ്പിനിടയിലും ഇടുക്കിയില്‍ നിശബ്ദപൂച്ചകളുടെ കൈയേറ്റം ഒഴിപ്പിക്കല്‍; മൂന്നാറില്‍ റവന്യൂ വകുപ്പ് തിരിച്ച് പിടിച്ചത് 229.76 ഏക്കര്‍

സിപിഎമ്മിന്റെ എതിര്‍പ്പ് തുടരുംമ്പോഴും ഇടുക്കി ജില്ലയില്‍ 229.76 ഏക്കര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചതായി റവന്യൂ വകുപ്പ്. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ദേവികുളം താലൂക്കില്‍ ആനവിരട്ടി വില്ലേജില്‍ അനധികൃതമായി കൈവശം വച്ച 224.21 ഏക്കര്‍ സ്ഥലവും അതിലെ കെട്ടിടവും ഏറ്റെടുത്തു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സര്‍ക്കാരിനു അനുകൂലമായ വിധി ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.

ആനവിരട്ടി വില്ലേജിലെ റീസര്‍വേ ബ്ലോക്ക് 12ല്‍ സര്‍വ 12, 13, 14, 15, 16 എന്നിവയില്‍പ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജില്‍ 5.55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റവും ഇന്നലെ ഒഴിപ്പിച്ചു.

സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ദൗത്യ സംഘത്തിന്റെ നേതൃത്വത്തില്‍ റവന്യൂ, പൊലീസ്, ഭൂസംരക്ഷണ സേന എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് കൈയേറ്റം ഒഴിപ്പിച്ചത്. സ്ഥലം ഏറ്റെടുത്തു അവിടെ ഉണ്ടായിരുന്ന കെട്ടിടം സീല്‍ ചെയ്ത് സര്‍ക്കാര്‍ അധീനതയിലാണെന്നു സൂചിപ്പിക്കുന്ന ബോര്‍ഡും റവന്യൂ വകുപ്പ് വെച്ചു.

അതേസമയം, മൂന്നാറില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി രംഗത്തെത്തി. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കാന്‍ ആര് വന്നാലും ഓടിക്കുമെന്ന് എംഎം മണി പറഞ്ഞു. മൂന്നാറില്‍ 2300 ഏക്കര്‍ കയ്യേറ്റമെന്ന് റിപ്പോര്‍ട്ട് കൊടുത്ത ജില്ലാ കളക്ടറുടെ നടപടി ശുദ്ധ വിവരക്കേടാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മൂന്നാര്‍ ദൗത്യ സംഘത്തെ എതിര്‍ക്കുന്നില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, പുതിയ വനം കയ്യേറ്റം എന്തെങ്കിലുമുണ്ടെങ്കില്‍ അത് മാത്രം നോക്കിയാല്‍ മതിയെന്നും എംഎം മണി അറിയിച്ചു. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കാന്‍ ആരും വരണ്ട. റിസോര്‍ട്ടുകളും ഹോട്ടലുകളും ഒരു സുപ്രഭാതത്തില്‍ മൂന്നാറില്‍ പൊട്ടിമുളച്ചതല്ലെന്നും എംഎം മണി പറഞ്ഞു.