ഇന്‍ഡിഗോയെ താനാണ് വിലക്കിയതെന്നും, ഇനിയൊരിക്കലും ഈ വിമാനത്തില്‍ കയറില്ലന്നും ഇ പി ജയരാജന്‍

 

ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലന്ന് വാശി പിടിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. വിലക്കിയത് താനാണെന്നും തന്റെ വിലക്ക് നാളെ തീരില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോയുടെ വിലക്ക് തീരാനാരിക്കെയാണ് ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ജയരാജന് മൂന്ന് ആഴ്ചത്തേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

രണ്ടുവിഭാഗങ്ങളുടെയും മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആര്‍ എസ് ബസ്വാന അധ്യക്ഷനായ സമിതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ പതിനാറാം തിയതി മുതല്‍ മൂന്നാഴ്ചത്തേക്ക് ഇ പി ജയരാജന്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറരുത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടാഴ്ചത്തേക്കും. വാര്‍ത്ത പുറത്ത് വന്ന വേളയില്‍ നോട്ടീസ് കിട്ടിയില്ലെന്ന് വാദിച്ച ജയരാജന്‍ പിന്നീട് യാത്രാവിലക്ക് ശരി വച്ച് ഇന്‍ഡിഗോക്കെതിരെ പ്രകോപിതനായി. നടന്ന് പോയാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നായിരുന്നു ഇ പി ജയരാജന്‍ പ്രതികരിച്ചത്.