വീണ ഐടി മേഖലയിലെ പ്രതിഭ; പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കാന്‍ ചിലര്‍ പുറപ്പെട്ടിരിക്കുന്നു; ആർഒസി റിപ്പോര്‍ട്ട് ശുദ്ധഅസംബന്ധമെന്ന് ഇപി ജയരാജന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണയെ സംരക്ഷിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വീണയുടെ കമ്പനിക്കെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് ശുദ്ധ അസംബന്ധമാണ്. വീണ വിജയന്‍ ഐടി മേഖലയിലെ പ്രതിഭയാണ്. എന്താണ് അവര്‍ ചെയ്ത തെറ്റ്. ഒരു പെണ്‍കുട്ടി ഏതെങ്കിലും സംരഭം ആരംഭിച്ചാല്‍ അവരെ അതുമായി മുന്നോട്ട് പോകാന്‍ സമ്മതിക്കുന്നില്ല. വീണയെ അന്വേഷണ ഏജന്‍സികള്‍ നിരന്തരമായി വേട്ടയാടുകയാണെന്നും ഇ.പി ആരോപിച്ചു.

പാവം പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കാന്‍ ചിലര്‍ പുറപ്പെട്ടിരിക്കുകയാണ്. ആഒസി റിപ്പോര്‍ട്ട് കോടതി വിധിയൊന്നുമല്ലെന്നും ഇ.പി ചോദിച്ചു.

അതേസമയം, വീണയുടെ എക്സാലോജിക്കിനെതിരെയുള്ള ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. കേസ് സിബിഐയോ ഇഡിയോ അന്വേഷിക്കണമെന്നും കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷിച്ചിട്ട് കാര്യമില്ലെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ സീറ്റ് ബിജെപിക്ക് അനുകൂലമാക്കാന്‍ എക്സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ സിപിഎം-ബിജെപി സെറ്റില്‍മെന്റ് സംശയിക്കുന്നതായി പ്രതിപക്ഷം. തൃശൂരിലെയും തിരുവനന്തപുരത്തെയും സീറ്റുകളില്‍ യുഡിഎഫിന് വിജയം ഉറപ്പാണ്. ഈ സീറ്റുകള്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഒരു സീറ്റില്‍ പോലും ബിജെപി വിജയിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.

Read more

എക്സാലോജിക്കിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അന്വേഷണം നടത്തേണ്ടത് ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളാണ്. അധികാര ദുര്‍വിനിയോഗത്തിനോ സെറ്റില്‍മെന്റിനോ അനുവദിക്കില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന സിപിഎം മറുപടി ക്ലീഷേയാണെന്നും സതീശന്‍ പറഞ്ഞു.