'ഇപ്പോഴേ കുപ്പായം തയിപ്പിക്കണ്ട, നാല് വര്‍ഷം സമയമുണ്ട്'; മുരളീധരന് ചെന്നിത്തലയുടെ മറുപടി

തരൂര്‍ വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രി കുപ്പായം തുന്നിവച്ചവരാകാമെന്ന കെ. മുരളീധരന്റെ പ്രതികരണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. എന്ത് കുപ്പായം തയ്പ്പിക്കണമെങ്കിലും നാല് വര്‍ഷം സമയമുണ്ടെന്നും ഇപ്പോഴേ ഒന്നും തയ്പ്പിക്കെണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഒരു നേതാവിനെയും ഭയപ്പെടേണ്ട. എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ട്. ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്. ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. വി.ഡി.സതീശന്‍ തരൂരിന് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

മദ്യത്തിന് വില കൂട്ടിയതിനു പിന്നില്‍ അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു. മദ്യ ഉല്‍പാദകര്‍ സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് നികുതി ഒഴിവാക്കിയതെന്നും തീരുമാനം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ നീകുതി ഒഴിവാക്കിയതിന്റെ നേട്ടം കിട്ടിയത് വന്‍കിട മദ്യനിര്‍മ്മാതാക്കള്‍ക്ക് ആണ്. ടിപി രാമകൃഷ്ണന്‍ ചെയ്യാന്‍ മടിച്ചത് എം ബി രാജേഷ് ചെയ്യുന്നു. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും വിലകൂടിയ സംസ്ഥാനമായി കേരളം മാറുമെന്നും ചെന്നിത്തല പറഞ്ഞു.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് മേല്‍ വലിയ ഭാരമാണ് പാല്‍ വില വര്‍ധനകൊണ്ട് ഉണ്ടാവുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് മേല്‍ വലിയ ഭാരം ഉണ്ടാകുകയാണെന്നും ചെന്നിത്തല പറഞ്ഞു.