രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കല്‍, വയനാട്ടില്‍ ഉള്‍പ്പെടെ കേരളത്തില്‍ ഇന്നും വന്‍ പ്രതിഷേധം

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചു വയനാട്ടിലുള്‍പ്പെടെ കേരളത്തില വിവിധ ജില്ലകളില്‍ നടക്കുന്നത് വന്‍ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലാണ് പ്രതിഷേധം ശക്തം. അവിടെ പി ആന്റ് ടി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. രാഹുല്‍ഗാന്ധിയെ നാലര ലക്ഷത്തില്‍പരം വോട്ടിന് ജയിപ്പിച്ച മണ്ഡലമാണ് വയനാട്. അത് കൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് വളരെ വൈകാരികമായാണ് വയനാട്ടിലെ ജനങ്ങള്‍ നോക്കിക്കാണുന്നത്.

നരേന്ദ്രമോദിക്കേതിരെ രാഹുല്‍ ഗാന്ധി തുടങ്ങിവച്ച പോരാട്ടം തങ്ങള്‍ തുടരുമെന്നാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയാലും വയനാടിന്റെ എം പി അദ്ദേഹം തന്നെയായിരിക്കുമെന്നാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

കേരളത്തിലെ മററു ജില്ലകളിലും വന്‍പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ ഇന്നും നടക്കുകയാണ്. ഇന്നലെ രാജ്ഭവനിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തമായിതിനെ തുടര്‍ന്ന് ലാത്തിച്ചാര്‍ജ്ജ് നടന്നിരുന്നു. വിവധിയിടങ്ങളില്‍ പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ ഏതാണ്ട് 400 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തിരുന്നു