നടിയെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ മതിയായ തെളിവ് ഹാജരാക്കണം; പ്രോസിക്യൂഷന് അന്ത്യശാസനം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ മതിയായ രേഖകളുണ്ടെങ്കില്‍ ഈമാസം 26നകം ഹാജരാക്കണമെന്ന് പ്രോസിക്യൂഷന് കോടതിയുടെ അന്ത്യശാസനം. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും പ്രതിയായത് ഈ കേസിലെ ജാമ്യം റദ്ദാക്കാന്‍ തക്ക കാരണമാണോയെന്ന് വിചാരണക്കോടതി ചോദിച്ചു. തെളിവ് സഹിതം 25ന് ഹാജരാക്കിയശേഷം മാത്രമേ വാദം കേള്‍ക്കൂവെന്ന് കോടതി വ്യക്തമാക്കി.

ജാമ്യഹര്‍ജി തള്ളുന്നതും ജാമ്യം അനുവദിക്കുന്നതും പോലെയല്ല ഒരിക്കല്‍ നല്‍കിയ ജാമ്യം റദ്ദാക്കുന്നത്. അതിന് തക്കതായ ഗൗരവമുള്ള കാരണം വേണമെന്ന നിലപാടിലായിരുന്നു കോടതി.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍. സൂരജിന്റെ ഫോണില്‍ കണ്ടെത്തിയ രണ്ട് ശബ്ദസന്ദേശങ്ങളാണ് പ്രതിഭാഗം വിചാരണക്കോടതിയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയതിന്റെ തെളിവായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത്. പ്രതിഭാഗം സ്വാധീനിച്ച സാക്ഷികളുടെ പട്ടികയും ഏതുവിധമാണ് ഇത്തരം സാക്ഷികളെ പ്രതികളും അവരുടെ അഭിഭാഷകരും ചേര്‍ന്ന് വശത്താക്കിയതെന്നും വിശദമാക്കുന്ന റിപ്പോര്‍ട്ടും അന്വേഷണ സംഘം വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിനിടെ ” ദിലീപിന്റെ ഭാഗം മുഴുവന്‍ ശരി, പ്രോസിക്യൂഷന്റെ ഭാഗം മുഴുവന്‍ തെറ്റ് എന്നാണ് കോടതി കരുതുന്നത്.” എന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞത് വിചാരണക്കോടതിയെ പ്രകോപിപ്പിച്ചു. ഇത്തരം പരാമര്‍ശത്തിനെതിരെ കോടതി മുന്നറിയിപ്പ് നല്‍കി. ദിലീപിന്റെയോ പ്രോസിക്യൂഷന്റെയോ രക്ഷകയല്ലെന്നും നീതി ഉറപ്പാക്കുകയാണ് കോടതിയുടെ കര്‍ത്തവ്യമെന്നും ജഡ്ജി ഹണി എം. വര്‍ഗീസ് കോടതിയില്‍ പറഞ്ഞു.