ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം; ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് നടന്‍ ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. പ്രത്യേക അനുമതിയോടെ കഴിഞ്ഞദിവസം അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയില്‍നിന്നൊഴിവാക്കാന്‍ ദിലീപിന്റെ ഹര്‍ജി. ഈ മാസം 31ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും.

തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന സംശയം ദിലീപ് ഉന്നയിക്കുന്നു. അതിനാല്‍ ഇതിന്റെ സ്വീകാര്യത തന്നെ സംശയാസ്പദമാണ്. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്നും ദിലീപ് വാദം ഉയര്‍ത്തുന്നു. വാദം കോടതി തള്ളിയാല്‍ ഇക്കാര്യമുന്നയിച്ച് ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിക്കാന്‍ പ്രതികള്‍ക്ക് അവസരമുണ്ടാകും.

10 പ്രതികളില്‍ ആറുപേരും അവരുടെ അഭിഭാഷകരുമാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാംപ്രതി മാര്‍ട്ടിന്‍, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ്, എട്ടാം പ്രതി ദിലീപ്, ഒന്‍പതാം പ്രതി സനല്‍കുമാര്‍ എന്നിവര്‍ക്കുവേണ്ടി യഥാക്രമം അഭിഭാഷകരായ ജോണ്‍ എസ്. റാല്‍ഫ്, ടി.ഡി. മാര്‍ട്ടിന്‍, എം.എ. വിനോദ്, ടി.ആര്‍.എസ്. കുമാര്‍, ബി. രാമന്‍പിള്ള, സി.കെ. ശശിധരന്‍ എന്നിവരാണ് കോടതിയിലെത്തിയത്.