കൊലപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന് എതിരെ ഗുരുതര വകുപ്പ് കൂടി ചുമത്തി

ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ നടന്‍ ദിലീപിനെതിരെ ഗുരുതര വകുപ്പ് കൂടി ചുമത്തി. കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടിയാണ് ഉള്‍പ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് നടപടി.

ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതായതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം എന്നാണ് സര്‍ക്കാര്‍ നിലപാട്.

മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടും എന്നും സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ നിലപാട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വ്യക്തിവിരോധം തീര്‍ക്കുകയാണ് എന്നും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.