ആക്രമണം ആസൂത്രിതം; കെട്ടിടത്തില്‍ നിന്ന് വീണിട്ടും വലിച്ചിഴച്ച് അകത്തേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതായി അതിജീവിത

കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ഉടമ ദേവദാസ് പീഡിപ്പിക്കാന്‍ ശ്രമിച്ച അതിജീവിത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. പീഡന ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റിട്ടും തന്നെ വലിച്ചിഴച്ച് അകത്തേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതായി അതിജീവിത വെളിപ്പെടുത്തി.

ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നും മുന്‍പും മോശമായി പെരുമാറിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ആദ്യം മകളോടെന്ന രീതിയിലായിരുന്നു പെരുമാറ്റം. പിന്നീട് പെരുമാറ്റത്തില്‍ മാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഇനി ആവര്‍ത്തിക്കില്ലെന്ന് ദേവദാസ് പറഞ്ഞതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

സംഭവ ദിവസം മറ്റ് ജീവനക്കാരെ നേരത്തെ പറഞ്ഞയച്ചിരുന്നു. ചികിത്സയിലിരിക്കെ ഭീഷണി സന്ദേശം അയച്ചു. നിനക്കുള്ള ആദ്യത്തെ ഡോസാണിതെന്നായിരുന്നു സന്ദേശമെന്നും യുവതി വെളിപ്പെടുത്തി. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്.

രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്നയിടത്തേക്ക് അതിക്രമിച്ചെത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന യുവതി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. സംഭവത്തില്‍ അറസ്റ്റിലായ ദേവദാസ് നിലവില്‍ റിമാന്‍ഡിലാണ്.