കൊല്ലത്ത് അമ്മയെ മകള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ചോദ്യം ചെയ്യാൻ എത്തിയ വനിതാ പഞ്ചായത്ത് അംഗത്തിന് നേരെയും ആക്രമണം

കൊല്ലം പത്തനാപുരത്ത് അമ്മയെ മകള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവം ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്തംഗം അര്‍ഷ മോളെയും ഇവര്‍ ആക്രമിച്ചു. നെടുംപറമ്പ് പാക്കണംകാലായില്‍ ലീലാമ്മയെയാണ് മകള്‍ ലീന തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം നടന്നത്. ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ലീലാമ്മയുടെ നിലവിളി കേട്ട് പഞ്ചായത്തംഗവും മറ്റ് അയല്‍വാസികളും എത്തുകയായിരുന്നു.

അക്രമം ചോദ്യം ചെയ്ത പഞ്ചായത്തംഗത്തെ മുടിയില്‍ കുത്തിപ്പിടിച്ച് തള്ളുകയും വടിയെടുത്ത് അടിക്കുകയും ചെയ്തു. ശേഷം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെ ലീന അസഭ്യം പറയുകയും ചെയ്തു. ലീലാമ്മയെ ഇതിന് മുമ്പും ലീന ഉപദ്രവിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയില്‍ ചികിത്സയിലാണ്.