മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെ. സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

 

 

മോന്‍സന്‍ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്ന് സൂചന. കെ. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂവെന്നാണ് ് ക്രൈംബ്രാഞ്ചിന്റെ നിലപാട്

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുക്കേസില്‍ ഐ.ജി. ജി. ലക്ഷ്മണ്‍ അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രൈം ബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റില്‍ അറിയിച്ചത്. മോന്‍സന്‍ മാവുങ്കലിന്റെ വീടിന് പൊലീസ് സംരക്ഷണം നല്‍കിയത് സ്വാഭാവിക നടപടിയെന്ന് ക്രൈം ബ്രാഞ്ച് ന്യായീകരിച്ചു.