കേരളത്തെ കേന്ദ്രം സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്നു; പ്രത്യക്ഷ സമരത്തിനിറങ്ങി സിപിഎം; ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും

കേരളത്തെ കേന്ദ്രം സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്ര ഓഫീസുകളുടെ മുന്നില്‍ ഇന്നു സിപിഎമ്മിന്റെ പ്രതിഷേധ സമരം. കേരളം മുന്നോട്ടു വെക്കുന്ന ബദലുകളെയും വികസന മുന്നേറ്റത്തെയും തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും തടഞ്ഞു വെക്കുകയും വെട്ടിച്ചുരുക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

കേന്ദ്ര അവഗണന പല ഘട്ടങ്ങളിലും കേരളത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അതിന്റെ ആഴവും പരപ്പും പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനക്ഷേമത്തിലും വികസനത്തിലുമൂന്നിയ വികസന നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുന്നു എന്ന കാരണത്താല്‍ കേരളത്തിന് അര്‍ഹമായവ പോലും നല്‍കേണ്ടതില്ലെന്ന നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെയാകെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തിനെതിരെ കേരള ജനത ഒറ്റക്കെട്ടായി പൊരുതേണ്ടതുണ്ട്. പ്രത്യേക റെയില്‍വേ സോണ്‍, എയിംസ് തുടങ്ങിയവ അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യങ്ങളോടും കേന്ദ്രം മുഖം തിരിക്കുകയാണ്.

കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച അടുത്ത സാമ്പതിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ നിന്ന് കേരളമെന്ന വാക്കുപോലും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. കേരളത്തോട് കേന്ദ്രം പുലര്‍ത്തുന്ന അവഗണനയുടെ പ്രത്യക്ഷ തെളിവാണിത്. സംസ്ഥാനത്തിനുള്ള വിഹിതം, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വിഹിതം എന്നിവയെല്ലാം വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊള്ളുന്നത്. നികുതി വിഹിതം പങ്കുവെക്കുന്നതിലും കേരളത്തിന്റെ പങ്ക് വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാട് സംസ്ഥാനത്തിന്റെ 54700 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

ലോകത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വയനാട് മുണ്ടക്കയ്യിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ജീവിത മാര്‍ഗവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ കേന്ദ്രം ഇനിയും. തയാറാകാത്തത് അത്യന്തം അപലപനീയമാണ്. സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എല്ലാ മേഖലയിലും മോദി സര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമാണ് യുജിസിയുടെ കരട് മാര്‍ഗ്ഗരേഖ. ഫെഡറല്‍ തത്വങ്ങളെയാകെ ലംഘിച്ച് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ഈ മാര്‍ഗരേഖയും. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് എതിരെ എല്ലാ ജില്ലകളിലെയും കേന്ദ്ര ഓഫീസുകള്‍ ഉപരോധിക്കും. വിവിധ ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് സിപിഎം ഉപരോധം തീര്‍ക്കുന്നത്.