പിരിവ് നല്‍കാത്തതിൻറെ പേരിൽ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ

ചവറയിൽ  രക്തസാക്ഷി സ്മാരകത്തിന് പിരിവ് നല്‍കാത്തതിന്റെ പേരില്‍ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ബിജു തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു സി പി എം ജില്ലാ നേതൃത്വം. ജില്ലാ നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം ഇടപെട്ടതും നടപടിയുണ്ടായതും.

ബിജുവിന്റെ നടപടി പാര്‍ട്ടിക്ക് അപമതിപ്പുണ്ടാക്കിയെന്നാണ് സിപിഎം വാർത്താ കുറിപ്പിൽ പറയുന്നത്. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടാകരുതാത്ത നടപടിയാണിതെന്നും സിപിഎം പറയുന്നു.

പാർട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാൻ പതിനായിരം രൂപ നൽകിയില്ലെങ്കിൽ പത്തു കോടി ചെലവിട്ട് നിർമിച്ച കൺവെൻഷൻ സെന്ററിനു മുന്നിൽ പാർട്ടി കൊടികുത്തുമെന്നാണ് ബിജു ശ്രീനിത്യം പ്രവാസി വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. ഷഹി വിജയനും ഭാര്യ ഷൈനിയും ഭീഷണി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകിയിരുന്നു.

വര്‍ഷങ്ങളായി യു.എസില്‍ ജോലിചെയ്യുന്ന ഷഹി വിജയനും ഭാര്യ ഷൈനിയും തങ്ങളുടെ സമ്പാദ്യമെല്ലാം മുടക്കിയും വായ്പയെടുത്തുമാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സി.പി.എം. നേതാവ് ഭീഷണിയുമായി രംഗത്തെത്തിയത്. സി പി എം നേതാവിന്റെ ഭീഷണിക്കു പിന്നാലെ വില്ലേജ് ഓഫിസർ കൺവെൻഷൻ സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി. ബിജു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.

രണ്ടു വർഷം മുമ്പ് നൽകാമെന്ന് ഏറ്റിരുന്ന പണം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നായിരുന്നു ബിജുവിന്റെ വിശദീകരണം. പാർട്ടി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രവാസി വ്യവസായി തെറ്റിദ്ധരിച്ചതാകാമെന്നും ഏരിയാ നേതൃത്വവും വിശദീകരിച്ചു. തുടർന്ന്, ജില്ലാ നേതൃത്വവും ബിജുവിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.