സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും

24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് ആറ് മണിക്ക് പുത്തിരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമ്മേളന പതാക ഉയര്‍ത്തുക.

പ്രായപരിധി വിവാദം രൂക്ഷമാകാന്‍ സാധ്യതയുള്ള സമ്മേളനത്തില്‍ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ കാനം വിരുദ്ധ പക്ഷത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന സി. ദിവാകരനെതിരെ നടപടി വന്നേക്കുമെന്നും സൂചനയുണ്ട്.

ഉച്ചക്ക് രണ്ടുമണിക്ക് ചേരുന്ന എക്‌സിക്യൂട്ടീവ് ഇക്കാര്യം ചര്‍ച്ച ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ദിവാകരനെ ഒഴിവാക്കാനാണ് ഓദ്യോഗിക പക്ഷത്തിന്റെ ആലോന. എന്നാല്‍ സമ്മേളനത്തിന് തൊട്ടുമുന്‍പ് തീവ്രമായ നടപടിയിലേക്ക് പോകേണ്ടതില്ലെന്ന് വാദിക്കുന്നവരും ഉണ്ട്.

75 എന്ന പ്രായപരിധി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്കു ബാധകമാക്കുന്നതിനെതിരെ 75 പിന്നിട്ട നേതാക്കളായ കെ.ഇ ഇസ്മായിലും സി. ദിവാകരനും എതിര്‍പ്പു പരസ്യമാക്കി രംഗത്ത് വന്നിരുന്നു. പ്രായപരിധിക്കു ഭരണഘടനാ സാധുത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉറപ്പാക്കുന്നതിനു മുന്‍പു സംസ്ഥാനത്തു നടപ്പാക്കരുതെന്ന പ്രമേയം കൊണ്ടുവരാനും വോട്ടെടുപ്പ് ആവശ്യപ്പെടാനുമാണ് ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം. എന്നാല്‍ പ്രമേയത്തിനു പ്രസീഡിയം അനുമതി ആവശ്യമാണ്.