'കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെക്കണം, തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; വി ശിവൻകുട്ടി

തൃശൂരിലെ വോട്ടർപ്പട്ടികയിൽ ക്രമക്കേട് നടന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നതിന് പിന്നാലെ തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി. ആരോപണങ്ങളിൽ സുരേഷ് ഗോപിയുടെ മൗനം ദുരൂഹമാണെന്നും മാന്യത ഉണ്ടെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും മന്ത്രി പറഞ്ഞു.

വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന പരാതി തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഉണ്ടായിരുന്നു. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ വോട്ട് ചേര്‍ന്നുകാണാനാണ് സാധ്യതയെന്നാണ് സുരേഷ് ഗോപിക്കെതിരായ ബിജെപി കേന്ദ്രങ്ങളില്‍ നിന്നുതന്നെ പറയുന്നത്. തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു.

സത്യസന്ധമായ വോട്ടര്‍ പട്ടിക തയ്യാറാക്കണം. മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കാതെ ഭയന്നുകടക്കുകയാണ് സുരേഷ് ഗോപി. ജനാധിപത്യത്തെ സംരക്ഷിക്കാനായി കള്ളവോട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെച്ച് അടുത്ത തെരഞ്ഞെടുപ്പിനെ താല്‍പര്യമുണ്ടെങ്കില്‍ നേരിടുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.

തൃശൂരിലെ വോട്ടർപ്പട്ടികയിൽ ക്രമക്കേട് നടന്നതിന്റെ കൂടുതൽ തെളിവുകളാണ് കോൺഗ്രസ് നേതാക്കൾ പുറത്ത് വിട്ടത്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തി എന്ന് കോൺഗ്രസിന്റെ മുൻ കൗൺസിലർ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടർ ലില്ലി ഫ്ലാറ്റിൽ 38 വോട്ടുകളും ചേർക്കപ്പെട്ടു.

കോൺഗ്രസിന്റെ ബൂത്ത് ഏജൻറുമാർ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടർന്നാണ് ഈ വോട്ടുകൾ പോൾ ചെയ്യുന്നത് തടഞ്ഞത്. ഇക്കൂട്ടത്തിൽ ഒരാൾ മാത്രം വോട്ട് ചെയ്തു പോയെന്നും വത്സല ബാബുരാജ് പ്രതികരിച്ചു. പൂങ്കുന്നത്തെ ഇൻലൻഡ് അപ്പാർട്ട്‌മെന്റിൽ മാത്രം 79 വോട്ട് ക്രമരഹിതമായി ചേർത്തു. ഇവരൊന്നും തന്നെ അപ്പാർട്ട്‌മെന്റിലെ താമസക്കാരല്ല. ഇവരെല്ലാം ആലത്തൂർ മണ്ഡലത്തിലുള്ളവരാണ്. വാട്ടർലില്ലി ഫ്‌ളാറ്റിലും 39 പേരെ പുതുതായി വോട്ടർപട്ടികയിൽ ചേർത്തുവെന്നും വത്സലാ ബാബുരാജ് പറഞ്ഞു.

Read more