'സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.എമ്മിനോട് പരാതി പറയൂ'; അന്‍വറിന്റെ ആരോപണത്തിന് രൂക്ഷ മറുപടിയുമായി സി.പി.ഐ

സിപിഐക്കാര്‍ തന്നെ ദ്രോഹിക്കുന്നതായി ആരോപിച്ച പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് രൂക്ഷ മറുപടിയുമായി സിപിഐ. മന്ത്രിമാര്‍ക്ക് നിയമം ലംഘിച്ച് പി.വി.അന്‍വറിനെ സഹായിക്കാനാവില്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. പരാതി ആദ്യം പറയേണ്ടത് സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.എമ്മിനോടാണെന്ന് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു.

അന്‍വറിന്റെ പ്രസ്താവനകള്‍ സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാക്കി. മന്ത്രിമാര്‍ക്ക് നിയമം ലംഘിച്ച് പി.വി അന്‍വറിനെ സഹായിക്കാനാകില്ല. നിയമത്തിന് വിധേയനായി മാത്രമേ സി.പി.ഐ മന്ത്രിമാര്‍ പ്രവര്‍ത്തിക്കൂ. ഇടതുപക്ഷ മന്ത്രിമാരെ സ്വാധീനിക്കാമെന്ന് കരുതേണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

സിപിഐ തന്നെ ആവുംവിധം ഉപദ്രവിച്ചെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. തന്റെ വ്യവസായ സംരംഭങ്ങള്‍ക്ക് എതിരെ സിപിഐ നിലപാട് സ്വീകരിച്ചു. ലീഗും സിപിഐയും മലപ്പുറത്ത് ഒരു പോലെയാണ്. അവര്‍ക്ക് തന്നെക്കാള്‍ കാര്യം ലീഗിനെയായിരുന്നു. തിരഞ്ഞെടുപ്പിലും സിപിഐ ലീഗിനെ സഹായിച്ചു കാണുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.