അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ആവര്‍ത്തിച്ച് സിപിഐ; അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെന്ന് മുഖ്യമന്ത്രി

പിവി അന്‍വറിന്റെ ആരോപണങ്ങളെ തുടര്‍ന്ന് എല്‍ഡിഎഫിലുണ്ടായ അനശ്ചിതത്വങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എകെജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തു.

വ്യാഴാഴ്ച സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും വെള്ളിയാഴ്ച സംസ്ഥാന സമിതിയും നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് സിപിഐ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന ഉറച്ച നിലപാടിലാണ് സിപിഐ.

എന്നാല്‍ അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി നാളെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ റിപ്പോര്‍ട്ട് വന്ന ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read more

ആര്‍എസ്എസ് പ്രമാണിമാരോട് വീണ്ടും വീണ്ടും കിന്നാരം പറയാന്‍ പോകുന്ന ഒരാള്‍ പൊലീസിന്റെ എഡിജിപി പദവിയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബിനോയ് വിശ്വം വിഷയത്തില്‍ പ്രതികരിച്ചത്.