മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; കോടതിയിൽ ഹാജരാകണം, ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. ഒക്ടോബർ 12-ന് കോടതിയിൽ ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

കേസിൽ വിചാരണ നടപടി ആരംഭിക്കാനിരിക്കെയാണ് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതി അന്ത്യശാസനം നൽകിയിരിക്കുന്നത്. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായിരുന്നില്ല.

രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഇന്നലെ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. 50,000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടിലുമാണ് കോടതി ജാമ്യം അനുവദിച്ചത്.

മദ്യലഹരിയിൽ അമിതവേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത് വഫയുടെ പേരിലുള്ള വാഹനമാണ്. വഫയും വാഹനത്തിലുണ്ടായിരുന്നു.

സസ്പെൻഷനു ശേഷം ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായാണ് ശ്രീറാമിനെ നിയമിച്ചത്. കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെ സർവീസിൽ തിരിച്ചെടുത്ത സംഭവം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.