'തെളിവ് നശിപ്പിക്കാൻ സാധ്യത'; സു​ഗന്ധ​ഗിരി മരംമുറി കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

വയനാട് സു​ഗന്ധ​ഗിരി മരംമുറി കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ പ്രതികളായ വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണൽവയൽ സ്വദേശി അബ്ദുന്നാസർ, കൈതപ്പൊയിൽ സ്വദേശി അസ്സൻകുട്ടി, എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരാണ് മുൻ‌കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷന്റെ വാദം ശരിവെച്ച കോടതി ജാമ്യാപേക്ഷ തളളുകയായിരുന്നു.

വയനാട്ടിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിലാണ് അനധികൃത മരംമുറിയുണ്ടായത്. വീടുൾക്കും, റോഡിനും ഭീഷണിയായ 20 മരംമുറിക്കാൻ കിട്ടിയ അനുമതിയുടെ മറവിൽ കൂടുതൽ മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്. സുഗന്ധഗിരി ചെന്നായ്ക്കവലയിലാണ് അമ്പതോളം മരങ്ങള്‍ മുറിച്ച് മാറ്റിയത്. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ചത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി എടുത്തിരുന്നു. കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വനംവകുപ്പ് വാച്ചർ എന്നിവർക്കെതിരെയായിരുന്നു നടപടി. ആർ. ജോൺസൺ, എം.കെ.ബാലൻ എന്നിവരെ സസ്‌പെൻഡ് ചെയ്തുകൊണ്ടായിരുന്നു നോർത്തേൺ സിസിഎഫ് കെ.എസ് ദീപ നടപടി സ്വീകരിച്ചത്. വനം വാച്ചർ ബാലന്‍റെ തോട്ടത്തിൽ നിന്നും രണ്ടു മരങ്ങൾ അനുമതിയില്ലാതെ മുറിച്ചെന്നും കണ്ടെത്തിയിരുന്നു.

അതേസമയം സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മൂന്ന് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. കോഴിക്കോട് വനം വിജിലൻസിന്റെ ചുമതലയുള്ള കോട്ടയം ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇവാല്വേഷൻ സിഎഫ് നീതുലക്ഷ്മിയാണ് അന്വേഷണ സംഘത്തെ നയിക്കുക.