പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ മൗനം മന:പൂര്‍വം; പ്രതിപക്ഷ നേതാവ് ഉരുണ്ടുകളിക്കുന്നു; മനോരമ ജനങ്ങളെ കബളിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി

കോണ്‍ഗ്രസ് പ്രകടനപത്രിക പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന വിമര്‍ശനത്തില്‍ പ്രതിപക്ഷ നേതാവ് ഉരുണ്ടുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പൗരത്വ ഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് പ്രകടനപത്രിക പരാമര്‍ശിക്കുന്നേയില്ല. അത് മനപൂര്‍വം മാറ്റിനിര്‍ത്തിയതാണ്. അങ്ങനെയൊരു മനസ്സ് കോണ്‍ഗ്രസിന് എങ്ങനെ വന്നു.

സംശയമുണ്ടെങ്കില്‍ പ്രകടനപത്രികയിലെ എട്ടാംപേജ് നോക്കുവെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് വിരുദ്ധമായി ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെല്ലാം റദ്ദാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുണ്ടെന്നും അതില്‍ പൗരത്വഭേദഗതി ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് വാദം. ഇത് തെറ്റിദ്ധരിപ്പിക്കലാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16, 25, 26, 28, 29, 30 എന്നിവ പ്രകാരം മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങളെയും വിശ്വാസങ്ങള്‍ പാലിക്കാനുള്ള മൗലികാവകാശത്തെയും മാനിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്നാണ് അവരുടെ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നത്. പൗരത്വ ഭേദഗതി നിയമം പ്രധാനമായും ആര്‍ട്ടിക്കിള്‍ പതിനാലിന്റെ ലംഘനമാണ്. ഈ ആര്‍ട്ടിക്കിളിനെക്കുറിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞ ഖണ്ഡികയിലില്ല.

കഴിഞ്ഞ 10 വര്‍ഷം ഭരണഘടനാ വ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് ഉണ്ടാക്കിയ നിയമങ്ങള്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ റദ്ദാക്കുമെന്ന് പേജ് 22ല്‍ പറയുന്നു. എന്നാല്‍, പൗരത്വഭേദഗതി എന്ന വാക്കേ അതിലില്ല. ജിഎസ്ടി നിയമങ്ങള്‍ മാറ്റുമെന്ന് പേജ് 33ലും നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ആക്ട് പുനഃപരിശോധിക്കുമെന്ന് പേജ് 36ലും പറയുന്നുണ്ട്. അപ്പോഴും പൗരത്വഭേദഗതി യെക്കുറിച്ച് ശബ്ദിക്കാതിരിക്കാന്‍ എന്താണ് കാരണമെന്ന് പിണറായി ചോദിച്ചു.

സതീശന്‍ പറഞ്ഞത് തെറ്റിദ്ധരിച്ച് മനോരമ വാര്‍ത്ത കൊടുത്തതാണോ അതല്ല രണ്ടാളും കുടി ആലോചിച്ച് ചെയ്തതാണോ എന്നറിയില്ല. ജനങ്ങളെ കബളിപ്പിക്കേണ്ടതില്ല. ഉള്ളത് ഉള്ളതുപോലെ പറയാം. അതാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.