ആറ്റിങ്ങലില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; വളഞ്ഞ വഴിയിലൂടെ സീറ്റുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി

ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ സഹായിച്ചുവെന്നും ഇതിനായി ഒരുസംഘം വാഹനത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം സഞ്ചരിച്ചുവെന്നുമുള്ള ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി എംബി രാജേഷ്. തിരുവനന്തപുരത്തെ കോണ്‍ഗ്രസ്ബിജെപി അവിശുദ്ധ ബന്ധത്തിന്റെ കൃത്യമായ തെളിവാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിന് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ മറുപടി പറയണം. ഒരു ഭാഗത്ത് ബിജെപിയോട് ഒത്തുകളിക്കുന്നതൊപ്പം മറുഭാഗത്ത് എസ്ഡിപിഐയും കോണ്‍ഗ്രസ് കൂട്ടുപിടിച്ചിരിക്കുകയാണ്. പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നത്. തെളിവ് പുറത്തുവന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടുന്നില്ല.

എന്തുകൊണ്ടാണ് പ്രത്യക്ഷത്തില്‍തന്നെ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനായി രംഗത്തുവരുന്നതിന്റെ കാരണം? കേരളത്തില്‍ ബിജെപിക്ക് സീറ്റ് കിട്ടില്ലെന്ന് ഉറപ്പാണ്. വളഞ്ഞ വഴിയില്‍ ബിജെപിക്ക് സീറ്റുണ്ടാക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പരിശ്രമിക്കുന്നത്. കേരളത്തില്‍ ബിജെപിക്ക് സീറ്റുണ്ടാക്കാനുള്ള എളുപ്പവഴി സ്വന്തമായി വോട്ടു പിടിക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നതാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ജയിച്ചാല്‍ തങ്ങള്‍ക്ക് വരും എന്ന ഉറപ്പാണ് അതിനു കാരണം.

Read more

ബിജെപിക്ക് രണ്ടക്ക സീറ്റു കിട്ടുമെന്നാണ് കേരളത്തിലെത്തി പ്രധാനമന്ത്രി പറഞ്ഞത്. ജയിക്കുമെന്നല്ല. രണ്ടക്ക സീറ്റ് ജയിക്കുമെന്നു പറഞ്ഞാല്‍ പരിഹാസ്യമാകുമെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് രണ്ടക്ക സീറ്റ് കിട്ടുമെന്നു പറഞ്ഞത്. കോണ്‍ഗ്രസുകാരെ ജയിപ്പിച്ചാല്‍ അത് ബിജെപിക്ക് കിട്ടും എന്നാണ് പറയുന്നതിന്റെ അര്‍ഥമെന്നും അദേഹം പറഞ്ഞു.