നിയമപ്രകാരമുള്ള കാര്യങ്ങൾ ചെയ്‌താൽ മതി! സ്റ്റേഷനിൽ ഇടിയും തെറിവിളിയും വേണ്ട; പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന പരാതിക്കാരോടും മറ്റുള്ളവരോടും മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപ്രകാരമുള്ള കാര്യങ്ങൾ മാത്രം ചെയ്‌താൽ മതി പോലീസ്, സ്റ്റേഷനിൽ ഇടിയും തെറിവിളിയും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം സിറ്റി പോലീസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പോലീസുകാരെന്ന ഓർമ വേണമെന്നു പിണറായി ഓർമ്മപ്പെടുത്തി. “”നിയമ പ്രകാരമുള്ള കാര്യങ്ങൾ ചെയ്യാൻ മാത്രം അധികാരമുള്ളവരാണു പൊലീസ്. പൊലീസിനു പൊലീസിന്റേതായ രീതികൾ പ്രകടിപ്പിക്കാനാണു സ്വാഭാവികമായി താൽപര്യമുണ്ടാവുക.

രണ്ടു തെറി പറയുക, പറ്റുമെങ്കിൽ നാലു ചാർത്തിക്കൊടുക്കുക ഇങ്ങനെയെല്ലാമുള്ള കാര്യങ്ങൾ ചെയ്യാൻ തങ്ങൾക്കെന്തോ അവകാശമുണ്ട് എന്നു പണ്ടുപണ്ടേ നമ്മുടെ നാട്ടിൽ പൊലീസ് ധരിച്ചു വച്ചിരിക്കുകയാണ്. എന്നാൽ കാലം മാറി. പൊലീസും മാറി. എന്നാലും താന്‍ മാറില്ല എന്നു ചിന്തിക്കുന്ന ചിലർ നമ്മുടെ കൂടെയുണ്ട്. അവരോടായി പറയുകയാണ്. ആ രീതി ഉപേക്ഷിക്കാൻ തയാറാകണം. ഇല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാകേണ്ടി വരും – മുഖ്യമന്ത്രി പറഞ്ഞു””.

ജില്ലയിൽ ഇന്നലെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ പോലീസ് മർദിച്ചെന്ന പരാതിയുയർന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണം. കൊല്ലത്തെ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ കേസന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സിറ്റി പൊലീസ് ഓഫിസിനു ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റ് കൈമാറുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.