മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മോഷണക്കേസില്‍ പ്രതിചേര്‍ത്തു; പി ശശി അടുത്ത മാസം നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ കോടതി കേസെടുത്തു. ക്രൈം നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ മോഷണ കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം സിജെഎം കോടതി ശശിക്കെതിരെ കേസെടുത്തിരിക്കുന്നത്. നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ 14 വര്‍ഷത്തിന് ശേഷമാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്.

കേസില്‍ ഡിജിപി പത്മകുമാര്‍, മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. പ്രതിപട്ടികയിലുള്ളവരെല്ലാം മേയ് 31 ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇക്കാരണം വ്യക്തമാക്കി എല്ലാ പ്രതികള്‍ക്കും കോടതി സമന്‍സ് അയച്ചു. പ്രതികള്‍ക്കെതിരെ മോഷണ കുറ്റത്തിന് പുറമെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍,വ്യാജ തെളിവ് നല്‍കല്‍, ഇലക്ട്രോണിക്സ് തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

ക്രൈം മാഗസിനില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന ശോഭന ജോര്‍ജിന്റെ പരാതിയില്‍ 1999 ജൂണ്‍ 30ന് നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇകെ നായനാര്‍ സര്‍ക്കാരിന്റെ കാലഘട്ടത്തിലായിരുന്നു അറസ്റ്റ് ഉണ്ടായത്. എന്നാല്‍, അത് പ്രതികാരം തീര്‍ക്കലായിരുന്നുവെന്നാണ് ക്രൈം നന്ദകുമാര്‍ വാദിച്ചത്.

Read more

അന്ന് മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരു ക്രൈം നന്ദകുമാര്‍ ആരോപിച്ചത്. 2010ലാണ് ഇക്കാര്യം വ്യക്തമാക്കി ക്രൈം നന്ദകുമാര്‍ കോടതിയെ സമീപിച്ചത്.